കോട്ടയം∙ വിനോദയാത്ര പോയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം തോന്നയ്ക്കൽ ഗവ.എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്. വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളിൽ ഒരെണ്ണം മറിയുകയായിരുന്നു. ബസ്സിൽ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു.
പരുക്കേറ്റ വിദ്യാർഥികളെയും അധ്യാപകരെയും പാല ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. വളവുതിരിഞ്ഞതോടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.














