കാസർകോട് ∙ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രണ്ടു സംഘങ്ങൾ തമ്മിൽ കൂട്ടത്തല്ല്. കീഴൂരിൽ ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തിയ സംഘങ്ങൾ തമ്മിലാണ് ആശുപത്രിയിലും ഏറ്റുമുട്ടിയത്. ഡോക്ടറുടെ പരാതിയിൽ എട്ടുപേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അക്രമം. കീഴൂർ പടിഞ്ഞാറിൽ ബുധനാഴ്ച വൈകിട്ടുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തിയവർ അത്യാഹിത വിഭാഗത്തിനു പുറത്തും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി ഏറ്റുമുട്ടിയെന്ന് ഡോക്ടർ മുഹമ്മദ് നിസാറാണ് പൊലീസിൽ പരാതി നൽകിയത്.
മാങ്ങാട് ബാരയിലെ പി.ടി. ഷബീർ അലി (28), ചെമ്മനാട് കൊമ്പനടുക്കത്തെ പി. ജഗദീഷ് കുമാർ (34), കീഴൂർ പടിഞ്ഞാറിലെ അഹമ്മദ് ഷാനവാസ് (25), കൊമ്പനടുക്കത്തെ സി.കെ. അജേഷ് (27), കീഴൂർ കടപ്പുറത്തെ അബ്ദുൽ ഷഫീർ (31) മുഹമ്മദ് അഫ്നാൻ (19), സയ്യിദ് അഫ്രീദ് (27), ഡി.എം. കുഞ്ഞഹമ്മദ് (36) എന്നിവർക്കെതിരെയാണ് കേസെടുത്തത്. കീഴൂരിലുണ്ടായ സംഘർഷത്തിൽ 14 പേർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു.














