തിരുവനന്തപുരം ∙ ബലാത്സംഗ കേസിൽ ജാമ്യം നിഷേധിച്ചിട്ടും ഒളിവ് ജീവിതം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഒൻപതാം ദിവസമാണ് രാഹുൽ പൊലീസിന്റെ കണ്ണു വെട്ടിച്ച് ഒളിയിടങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് കാസർകോട് ഹോസ്ദുർഗ് കോടതിയിൽ കീഴടങ്ങും എന്ന അഭ്യൂഹം പരന്നെങ്കിലും അതുണ്ടായില്ല. ബെംഗളൂരു നഗരത്തിൽ അടക്കം രാഹുൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയ പോലീസ് രാഹുൽ ഇപ്പോഴും കർണാടകയിൽ തന്നെയാണെന്നാണ് കരുതുന്നത്. അതിനിടെ രാഹുൽ ഇന്ന് കേരളത്തിലെ കോടതികളിൽ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഈ മുന്നറിയിപ്പ് വിവിധ ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിട്ടുണ്ട്.
പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുൽ ഒളിവിൽ കഴിയുന്നത്. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. പിന്നീട് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിയായ ബാഗലൂരിലെത്തി അവിടത്തെ റിസോര്‍ട്ടിൽ ഒളിവിൽ കഴിഞ്ഞു. ഇവിടേക്ക് അന്വേഷണ സംഘം എത്തുന്നുവെന്ന വിവരം അറിഞ്ഞ് പിന്നീട് ബെംഗളൂരുവിലേക്കും രാഹുൽ പോയി. ബെംഗളൂരുവിൽ അന്വേഷണ സംഘം എത്തുന്നതിനു മുൻപെ രാഹുൽ രക്ഷപ്പെട്ടു. പൊലീസ് എത്തുന്ന കാര്യം രാഹുല്‍ എങ്ങനെയാണ് മുൻകൂട്ടി അറിയുന്നതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കർണാടകയിലെ കോൺഗ്രസ് നേതാക്കളാണോ രാഹുലിന് അഭയം ഒരുക്കുന്നതെന്നും സംശയമുണ്ട്.
മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തളളിയതോടെയാണിത്. ഇന്നുതന്നെ ബെഞ്ചിൽ ഹര്‍ജി കൊണ്ടുവന്ന് പൊലീസിന്‍റെ അറസ്റ്റ് നീക്കം തടയാനാണ് രാഹുൽ ശ്രമിക്കുന്നത്. രാഹുലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. ഇതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് നിഗമനം.
കസ്റ്റഡിയിലുള്ള രാഹുലിന്‍റെ പിഎ ഫസലിനെയും ഡ്രൈവര്‍ ആൽവിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആൽവിനും ഫസലിനുമൊപ്പമാണ് രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. തമിഴ്നാട് വരെ ഇവർ രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പാലക്കാട് വിട്ട ഇരുവരും ശനിയാഴ്ച തിരിച്ചെത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. രാഹുലിന്‍റെ നീക്കങ്ങളെ കുറിച്ച് ഇവർക്ക് അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്.














