നെടുമ്പാശേരി∙ ഇന്നലെ പക്ഷിക്കടത്തിനു മലപ്പുറം സ്വദേശികളായ ദമ്പതികൾ പിടിയിലാകാൻ കാരണം കുട്ടിയുടെ അസമയത്തെ കരച്ചിൽ. ഇത്തരത്തിൽ കള്ളക്കടത്തു നടത്തുന്ന പലരും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനും അനുകമ്പ നേടാനും പുറത്തേക്ക് കടക്കുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ച് കരയിപ്പിക്കാറുണ്ടെന്ന മുൻ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇവരുടെ ബാഗുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചത്. വലിയ ബാഗിൽ പല കൂടുകളിലായി സൂക്ഷിച്ചിരുന്ന പക്ഷികൾ പിടികൂടുമ്പോൾ മയക്കത്തിലായിരുന്നു. ഇവയ്ക്ക് മയങ്ങാനുള്ള മരുന്നുകൾ നൽകിയിരിക്കാമെന്നാണ് കസ്റ്റംസിന്റെ നിഗമനം.
ജൂണിൽ അപൂർവ ഇനം കുരങ്ങുകളെയും പക്ഷികളെയും കടത്താൻ ശ്രമിച്ച പത്തനംതിട്ട സ്വദേശികളായ ദമ്പതികൾ പിടിയിലായിരുന്നു. ജനുവരിയിലും 2024 ഡിസംബറിലും സമാനമായ കടത്ത് പിടികൂടിയിട്ടുണ്ട്. ചെന്നൈ, ഹൈദരാബാദ് നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള പക്ഷിക്കടത്തു റാക്കറ്റുകളുടെ ഏജന്റുമാരാണ് പിടിയിലായ ദമ്പതികൾ. തായ്‌ലൻഡിൽ അവധിക്കാലത്തിനുള്ള ചെലവും കമ്മിഷനുമാണ് പ്രതിഫലം. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനാണു കുട്ടിയെ കൂടെ കൂട്ടിയത്.
തായ്‌ലൻഡിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ കുടുംബത്തിന്റെ ചെക്ക്–ഇൻ ബാഗിൽ നിന്നാണ് ലക്ഷങ്ങൾ വില മതിക്കുന്ന 11 വിദേശ പക്ഷികളെ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. മലേഷ്യൻ എയർലൈൻസിന്റെ വിമാനത്തിൽ ഇന്നലെ പുലർച്ചെയാണ് ഭർത്താവും ഭാര്യയും 7 വയസ്സുള്ള മകനുമുൾപ്പെടുന്ന കുടുംബമെത്തിയത്. ഗ്രീൻ ചാനലിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പക്ഷിക്കടത്ത് വ്യക്തമായത്. വംശനാശഭീഷണി നേരിടുന്ന ഇനമായതിനാൽ രാജ്യാന്തര കരാർ അനുസരിച്ച് ഇവയുടെ ഇവയുടെ വിൽപനയും കയറ്റുമതിയും നിയന്ത്രിച്ചിട്ടുള്ളതാണ്.














