ന്യൂഡൽഹി ∙നിക്ഷേപത്തട്ടിപ്പുകേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്ത 14 കോടി രൂപയുടെ ബിസിനസ് വിമാനം ഹൈദരാബാദിൽ ലേലത്തിനുവച്ചു. തട്ടിപ്പിന് ഇരകളായവർക്കു നഷ്ടപരിഹാരം നൽകാനായിരിക്കും ലേലത്തിൽ വിറ്റുകിട്ടുന്ന തുക ഉപയോഗിക്കുക.792 കോടിയുടെ നിക്ഷേപത്തട്ടിപ്പിൽ ഫാൽക്കൻ ഗ്രൂപ്പിനും ചെയർമാൻ അമർദീപ് കുമാറിനും മറ്റും എതിരായ കേസിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ നടത്തിയ റെയ്ഡിലാണ് ഹോക്കർ 800എ വിമാനം ഇ.ഡി പിടിച്ചെടുത്തത്. അമർദീപ് കുമാർ 2024 ൽ 16 ലക്ഷം ഡോളർ നൽകി വാങ്ങിയതാണ് 8 പേർക്കു യാത്ര ചെയ്യാവുന്ന വിമാനം. ഈ വിമാനത്തിലാണ് അമർദീപ് രാജ്യം വിട്ടതെന്ന് ഇ.ഡി പറഞ്ഞു.
ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം തിരിച്ചെത്തിയതിനു ശേഷമാണ് ഇ.ഡി പിടിച്ചെടുത്തത്. നിലവിൽ ഹൈദരാബാദിലെ ബീഗംപെട്ട് വിമാനത്താവളത്തിലാണു വിമാനമുള്ളത്. മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷൻ ലിമിറ്റഡ് (എംഎസ്ടിസി) ആണു ഈ മാസം 9നു ലേലം നടത്തുക.














