ഹുബ്ബള്ളി∙ ഇൻഡിഗോ വിമാനങ്ങളുടെ രാജ്യവ്യാപകമായ റദ്ദാക്കലുകളിൽ കുടുങ്ങി നവദമ്പതികൾ. സ്വന്തം വിവാഹ റിസപ്ഷന് ലൈവിലൂടെയാണ് ഇവർക്ക് പങ്കെടുക്കാനായത്. ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് ആയിരത്തോളം കിലോമീറ്റർ അകലെ കർണാടകയിലുള്ള ഹുബ്ബള്ളിയിലേക്കു പോകാനിരുന്ന വിമാനം റദ്ദാക്കിയതാണ് കാരണം. കുടുംബം ക്ഷണിച്ച അതിഥികൾ കൃത്യസമയത്ത് എത്തിയതിനാൽ പരിപാടിക്ക് ധരിക്കാനിരുന്ന വസ്ത്രങ്ങൾ ഇട്ട് ലൈവിലൂടെ ദമ്പതികൾ റിസപ്ഷനിൽ പങ്കെടുത്തു.
ബെംഗളൂരു ആസ്ഥാനമായി ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ് മേഘ ക്ഷീരാസാഗറും സംഗം ദാസും. ഡിസംബർ മൂന്നിന് ആയിരുന്നു റിസപ്ഷൻ. രണ്ടാം തീയതിയാണ് ഹുബ്ബള്ളിയിലേക്ക് ഇവർ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ രണ്ടാം തീയതി രാവിലെ മുതൽ വിമാനം വൈകുമെന്ന അറിയിപ്പാണ് ലഭിച്ചത്. ഒടുവിൽ വിമാനം റദ്ദാക്കുകയും ചെയ്തു. ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിൽ ആയിരുന്നു റിസപ്ഷൻ. വധുവിന്റെ കുടുംബാംഗങ്ങൾ വധൂവരന്മാർ പ്രതിനിധീകരിച്ചു.
ഭുവനേശ്വറിൽ വച്ച് നവംബർ 23നായിരുന്നു ഇവരുടെ വിവാഹം. ഭുവനേശ്വർ – ബെംഗളൂരു – ഹുബ്ബള്ളി വിമാനത്തിലാണ് നവദമ്പതികൾ ടിക്കറ്റ് എടുത്തത്. ഇവരുടെ പല ബന്ധുക്കളും മുംബൈ വഴിയുള്ള ടിക്കറ്റുകളും എടുത്തിരുന്നു. പലരുടെയും വിമാനങ്ങളും മണിക്കൂറുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ‘‘മകളുടെ വിവാഹ റിസപ്ഷന് ഞങ്ങളുടെ നാട്ടിൽനിന്നുള്ള ധാരളം പേരെ ക്ഷണിച്ചിരുന്നു. വിമാനം മണിക്കൂറുകളായി വൈകുകയായിരുന്നു. അവസാനം മൂന്നാം തീയതി പുലർച്ചെ നാലുമണിയായപ്പോൾ അതു റദ്ദാക്കിയെന്ന അറിയിപ്പാണ് ലഭിച്ചത്. അവസാന നിമിഷം റിസപ്‌ഷൻ മാറ്റാനാകില്ല. അതുകൊണ്ടാണ് വലിയ സ്ക്രീൻ വച്ച് അതിൽ ഓൺലൈൻ ആയി അവരോട് ചേരാൻ ആവശ്യപ്പെട്ടത്’’ – വധുവിന്റെ പിതാവ് അനിൽകുമാർ ക്ഷീരസാഗർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.














