മുംബൈ ∙ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും മൂന്നു പേരും അറസ്റ്റിൽ. വിവാഹമോചനം നിഷേധിച്ചതിനെ തുടർന്നാണ് കൊലപാതകം. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരൻ ഫയാസ് സാക്കിർ ഹുസൈൻ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്. കർണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.
ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്. ടിപ്പണ്ണയും ഹസീനയും കുടുംബ തർക്കങ്ങൾ കാരണം വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മുകേഷ് ധാഗെ പറഞ്ഞു.
ഹസീനയുടെ നിർദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബർ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാൻ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ, സഹോദരി ഹസീനയുടെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.














