Kerala

തിയറ്ററിലെ ദൃശ്യങ്ങൾ ചോർത്തിയത് ജീവനക്കാരോ? ഐപി അഡ്രസുകൾ തേടി അന്വേഷണസംഘം, ദൃശ്യങ്ങള്‍ കണ്ടവരും കുടുങ്ങും

തിരുവനന്തപുരം ∙ തിയറ്ററില്‍ സിനിമ കാണാന്‍ എത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടവരും കുടുങ്ങും. തിരുവനന്തപുരത്തെ സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്ന് അശ്ലീല സൈറ്റുകളില്‍ എത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി സൈബര്‍ പൊലീസ്. ഇത്തരം ദൃശ്യങ്ങള്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത ശേഷം ലിങ്കുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. പണം നല്‍കി കാണാന്‍ കഴിയുന്ന തരത്തിലാണ് ഇവ പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് അപ്‌ലോഡ് ചെയ്ത ഒരു സൈറ്റ് കേന്ദ്രീകരിച്ചാണ് സൈബര്‍ പൊലീസ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ദൃശ്യങ്ങള്‍ വില്‍പനയ്ക്ക് എത്തിച്ചവരുടെ ഐപി അഡ്രസുകളും പണം നല്‍കി ഇതു വാങ്ങി കണ്ടവരുടെ ഐപി വിലാസവും പൊലീസ് ശേഖരിച്ചുകഴിഞ്ഞു. ദൃശ്യങ്ങള്‍ ആദ്യമായി അപ്‌ലോഡ് ചെയ്തവരുടെ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ തിയറ്റുകളില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നത് എങ്ങനെ എന്നതു സംബന്ധിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആരെങ്കിലും ഹാക്ക് ചെയ്തിരിക്കാം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കെഎസ്എഫ്ഡിസി ജീവനക്കാര്‍ ദൃശ്യങ്ങള്‍ പണം വാങ്ങി ചോര്‍ത്തി നല്‍കിയോ എന്നതിലും അന്വേഷണമുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്നതിനു പിന്നാലെ തിയറ്ററുകളിലെ സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ പൊലീസ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ക്ലൗഡ് സ്‌റ്റോറേജ് സംവിധാനത്തിന്റെ പാസ്‌വേഡുകള്‍ ഉള്‍പ്പെടെ മാറ്റി. സിസിടിവികള്‍ അറ്റകുറ്റപ്പണികള്‍ക്കു നല്‍കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.