മുംബൈ∙ ലോക്കൽ ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 25 വയസ്സുകാരൻ ചികിത്സ കിട്ടാത്തതിനെ തുടർന്നു മരിച്ചു. സീവുഡ്സ് എൻആർഐ സ്വദേശി ഹർഷ് പട്ടേലിന്റെ മരണത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നു വലിയ വീഴ്ച സംഭവിച്ചെന്നു ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞദിവസം ചെമ്പൂരിൽനിന്നു പൻവേലിലേക്കു ലോക്കലിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ ഉടൻ വാശി സ്റ്റേഷനിൽ ഇറക്കുകയും അവിടത്തെ ആംബുലൻസിൽ കയറ്റുകയും ചെയ്തിരുന്നു. എന്നാൽ, ആംബുലൻസ് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു. കുറച്ചുനേരം കാത്തിട്ടും ഡ്രൈവറെ കാണാതായതോടെ മറ്റൊരു ജീപ്പിൽ യുവാവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്ട്രെച്ചർ, വീൽചെയർ, ഫസ്റ്റ് എയ്ഡ് ബോക്സ്, സിപിആർ പരിശീലനം ലഭിച്ച റെയിൽവേ ഉദ്യോഗസ്ഥർ എന്നിവയൊന്നും വാശി സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും അടിയന്തര പരിചരണവും ചികിത്സയും ലഭിക്കാതെയാണു ഹർഷ് പട്ടേൽ മരിച്ചതെന്നും സഹോദരി അമിക ആരോപിച്ചു.














