ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. മുതിർന്ന മാവോവാദി കമാൻഡറും സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവുമായ ഗണേഷ് ഉയ്‌ക്കേയ്(69) അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
ബിഎസ്എഫും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗണേഷ് ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഗണേഷിനൊപ്പം കൊല്ലപ്പെട്ട മൂന്ന് മാവോവാദികളിൽ രണ്ടുപേർ സ്ത്രീകളാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
റാംപ വനമേഖലയിൽ പ്രവേശിച്ച സുരക്ഷാസേനയ്ക്ക് നേരേ ആയുധധാരികളായ മാവോവാദി സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പരസ്പരം രൂക്ഷമായ വെടിവെപ്പുണ്ടായി. ഇതിനുശേഷം സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഗണേഷ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.സിപിഐ മാവോയിസ്റ്റിന്റെ ഒഡിഷയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നയാളാണ് ഗണേഷ് ഉയ്‌ക്കേ. ഇയാളുടെ തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റിയിൽ അവശേഷിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാൾകൂടിയാണ് ഗണേഷ്.
തെലങ്കാനയിലെ നൽഗോണ്ട സ്വദേശിയായ ഗണേഷ് കഴിഞ്ഞ 40 വർഷമായി മാവോവാദി പ്രവർത്തനങ്ങളിൽ സജീവമാണ്. മാവോവാദികളുടെ കേന്ദ്രനേതൃത്വത്തിനും പ്രാദേശിക നേതൃത്വങ്ങൾക്കും ഇടയിലുള്ള പ്രധാനകണ്ണിയായിരുന്നു ഇയാൾ. മാവോവാദികളുടെ ‘ദണ്ഡകാരണ്യ സ്‌പെഷ്യൽ സോൺ കമ്മിറ്റി’യും പ്രധാന പങ്കുവഹിച്ചിരുന്നു. മേഖലയിലെ പല മാവോവാദി ആക്രമണങ്ങളുടെയും മുഖ്യസൂത്രധാരനായിരുന്നു ഗണേഷ്.














