അപ്പപ്പാറ: തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ പനവല്ലി – അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62) യാണ് മരിച്ചത്.അപ്പപ്പാറ ചെറുമാത്തൂർ ഉന്നതിയിലെ മകൾ പ്രിയയുടെ വീട്ടിലാണ് ഇവർ താമസിച്ചുവന്നിരുന്നത്.
ഇന്ന് രാവിലെ കാട്ടാനയുടെ അസ്വാഭാവികമായ കാൽപ്പാടുകൾ കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.തലയ്ക്ക് സാരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം. കാട്ടാനയുടെ ആക്രമണത്താലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയോടെ ഇവർ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.














