ബെംഗളൂരു ∙ കർണാടകയിലെ ഹൂബ്ലിയിൽ 35 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. 2026 ജനുവരി 9 നാണ് യുവതി പീഡനത്തിനു ഇരയായത്. രാത്രി 12 മണിയോടു അടുപ്പിച്ച് യുവതിയെ ഹൂബ്ലിയിലെ അംബേദ്കർ ഗ്രൗണ്ടിൽനിന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയാണ് രണ്ടു പേർ പീഡനത്തിനു ഇരയാക്കിയത്. നിർബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ പകർത്തി മറ്റൊരാൾ പ്രചരിപ്പിക്കുകയും ചെയ്തു.
തുടർന്ന് പ്രതികൾ യുവതിയെ ഓട്ടോയിൽ കയറ്റിയ സ്ഥലത്ത് എത്തിച്ചു ഉപേക്ഷിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് പൊലീസ് സംഭവത്തെ കുറിച്ച് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീഡനത്തിനു ഇരയായ യുവതിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ശിവാനന്ദ്, ഗണേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനു പ്രദീപ് എന്നയാളും പിടിയിലായി. മൂവരും തൊഴിലാളികളാണ്.
ഭർത്താവുമായി പിണങ്ങി വീട്ടിൽനിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ ഒന്നരമാസമായി നഗരത്തിൽ അലയുകയായിരുന്നു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു താമസം.














