ന്യൂഡൽഹി: ജിം സെന്ററിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിന് ക്രൂരമർദനം. ഡൽഹിയിലെ ലക്ഷ്മിനഗറിലാണ് സംഭവം. ഭർത്താവിനെ രക്ഷപ്പെടുത്താൻ ചെന്ന ഭാര്യയ്ക്കും മർദനമേറ്റു. ഇവരുടെ മകനെ വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നനാക്കി മർദിച്ചതായും പരാതിയുണ്ട്.
സംഭവത്തിൽ ജിം കെയർ ടേക്കറായ സതീഷ് യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ വികാസ് യാദവ്, ശുഭം യാദവ്, ഓംകാർ യാദവ് എന്നിവർ ഒളിവിലാണെന്ന് പോലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ജനുവരി രണ്ടിനായിരുന്നു സംഭവം. രാജേഷ് ഗാർഗ് എന്നയാൾക്കാണ് മർദനമേറ്റത്. ഇയാളും ഭാര്യ റിത ഗാർഗും ചേർന്ന് വീടിന്റെ ബേസ്മെന്റിൽ ഒരു ജിം സെന്റർ നടത്തിയിരുന്നു. ഇതിന്റെ കെയർ ടേക്കറായിരുന്ന ആൾ ഇവരിൽനിന്ന് ഈ സംരംഭം തട്ടിയെടുത്തതായാണ് ആരോപണം. ഇതേത്തുടർന്നുള്ള തർക്കമാണ് ക്രൂര മർദനത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സതീഷ് യാദവ് എന്നയാളായിരുന്നു ജിം സെന്ററിന്റെ കെയർ ടേക്കറായി പ്രവർത്തിച്ചിരുന്നത്. ഇയാൾ തങ്ങളെ വഞ്ചിച്ച് ഈ സംരംഭം പിടിച്ചെടുത്തുവെന്നാണ് ദമ്പതിമാർ ആരോപിക്കുന്നത്.സതീഷ് യാദവിനെ ജിമ്മിലെ കെയർ ടേക്കറായി മാത്രമാണ് നിർത്തിയതെന്നും ഉടവസ്ഥാവകാശം ഒരിക്കലും നൽകിയിട്ടില്ലെന്നും റിത ഗാർഗ് പറഞ്ഞു. ഉടമസ്ഥാവകാശത്തെച്ചൊല്ലി പലപ്പോഴും ഇയാൾ തങ്ങളുമായി തർക്കത്തിലേർപ്പെടുമായിരുന്നുവെന്നും അവർ പറഞ്ഞു.
ബേസ്മെന്റിൽ വെള്ളച്ചോർച്ചയുണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടിയാണ് രാജേഷ് ഗാർഗ് താഴെ ചെല്ലുന്നത്. ഈ സമയത്ത് സതീഷ് യാദവും മറ്റു ചിലരും ഒപ്പം ചെന്നു. തുടർന്ന് ഗാർഗിനെ മർദിക്കുകയായിരുന്നു. രക്ഷയ്ക്കെത്തിയ ഭാര്യയെയും ക്രൂരമായി മർദിച്ചു. മകനെ നഗ്നനാക്കി റോഡിൽ വലിച്ചിഴച്ച് ആൾക്കൂട്ടത്തിന് മുമ്പിലിട്ട് മർദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
“സംഭവ ദിവസം ഭർത്താവിനൊപ്പം വീടിന് വെളിയിൽ നിൽക്കുകയായിരുന്നു. പെട്ടെന്നാണ് ശുഭം യാദവ് എന്നയാൾ വന്ന് ഭർത്താവിനെ വലിച്ചിഴച്ചത്. ഭർത്താവിനെ രക്ഷിക്കാൻ ചെന്നപ്പോൾ പിന്റു യാദവ് എന്നയാൾ ഥാർ വാഹനം വേഗത്തിൽ ഞങ്ങളുടെ നേർക്ക് ഓടിച്ചു വന്നു. തലനാരിഴയ്ക്കാണ് ഭർത്താവ് രക്ഷപ്പെട്ടത്. ഭർത്താവിനെ തല്ലിച്ചതച്ചു. രക്ഷപ്പെടുത്താൻ ചെന്നപ്പോൾ അവർ ഭർത്താവിനെ എടുത്തെറിഞ്ഞു, എന്നെ തള്ളിയിട്ടു. എന്നെയും മർദ്ദിച്ചു. എന്റെ മുടികുത്തിപ്പിടിച്ചു, വയറ്റിൽ ചവിട്ടി, ഒരുപാട് അപമാനിച്ചു. സഹായത്തിനായി പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെന്നു. ഈ സമയം വീടിനുള്ളിലേക്ക് അക്രമികൾ കയറി മകനെ വലിച്ചിഴച്ചു പുറത്തേക്ക് പോയി. അവന്റെ വസ്ത്രങ്ങളെല്ലാം അഴിച്ച് നഗ്നനാക്കി മർദ്ദിക്കാൻ തുടങ്ങി. ആളുകൾ നോക്കിനിൽക്കെ ആയിരുന്നു ഇത്. കൈകൂപ്പി ക്ഷമ ചോദിച്ചിട്ടും മകനെ വിട്ടില്ല”, റിത ഗാർഗ് പറഞ്ഞു.














