Latest

തോക്കിൻമുനയിൽ ഭാഗ്യം കവർന്നു; ഒരു കോടി ലഭിച്ച ലോട്ടറി ടിക്കറ്റ് യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു

കണ്ണൂർ ∙ ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. പേരാവൂർ സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന സാദിഖ് അക്കരമ്മലാണ് പേരാവൂർ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവമെന്ന് സാദിഖ് പറഞ്ഞു.

‘‘ഡിസംബർ 30ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. കുറച്ചു ദിവസം നാട്ടിൽ ഇല്ലാതിരുന്നതിനാൽ ടിക്കറ്റ് ബാങ്കിൽ കൊടുക്കാൻ സാധിച്ചില്ല. പിന്നീട് ഏതാനും ദിവസം മുൻപ് നാട്ടിൽ എത്തുകയും കടയിൽ വച്ച് സംസാരിക്കുന്നതിനിടയിൽ സുഹൃത്തുക്കളെ ടിക്കറ്റ് കാണിക്കുകയും ചെയ്തു. ഈ സമയത്ത് കടയുടെ പരിസരത്ത് അത്ര പരിചയമില്ലാത്ത യുവാവുമുണ്ടായിരുന്നു. ഇയാളെ പിന്നീടും കടയുെട പരിസരത്ത് കണ്ടിരുന്നു. ഇന്നലെ ടിക്കറ്റ് ബാങ്കിൽ കൊടുക്കണമെന്ന് കരുതി കൊണ്ടുവന്നതാണ്. എന്നാൽ പള്ളിപ്പെരുന്നാളിന്റെ തിരക്കായതിനാൽ ബാങ്കിൽ പോകാനായില്ല.

നേരത്തെ കടയുടെ സമീപത്ത് ഉണ്ടായിരുന്ന പരിചയമില്ലാത്ത യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി 9 മണിയോടെ എത്തിയത്. ആൾട്ടോ കാറിൽ 5 യുവാക്കളാണ് എത്തിയത്. തുടർന്ന് തോക്കു ചൂണ്ടി ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ജീവൻ അപകടത്തിലാണെന്ന് തോന്നിയതിനാൽ ഉടൻ തന്നെ ടിക്കറ്റ് എടുത്തു നൽകി. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. സംഘത്തിനു നേതൃത്വം നൽകിയ യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ടിക്കറ്റ് കണ്ടെത്താൻ സാധിച്ചില്ല’’ – സാദിഖ് പറഞ്ഞു.

ഷുഹൈബ് എന്നയാളാണ് കസ്റ്റഡിയിലുള്ളതെന്ന് പേരാവൂർ എസ്എച്ച്ഒ പറഞ്ഞു. കുഴൽപ്പണം പൊട്ടിക്കൽ കേസുൾപ്പെടെ ഏഴോളം കേസുകളിൽ ഇയാൾ പ്രതിയാണ്. ബാക്കി പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.