സ്വന്തം ഫോൺനമ്പർ മറന്നാലും 1986ൽ പുറത്തിറങ്ങിയ ‘രാജാവിൻ്റെ മകൻ’ എന്ന സിനിമയിലെ വിൻസെന്റ്റ് ഗോമസിന്റെ ഫോൺ നമ്പർ മലയാളികളാരും മറക്കില്ല. തമ്പി കണ്ണന്താനം -ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിലെ ആ ഫോൺനമ്പറും കഥാപാത്രവും ഇന്ത്യൻ സിനിമയിലെ രാജാവ് എന്ന തലത്തിലേക്കുതന്നെ മോഹൻലാൽ എന്ന നടനെ എടുത്തുയർത്തി. തനിക്ക് താര പരിവേഷം നൽകിയ ചിത്രത്തിലെ ഫോൺ നമ്പർ 1.8 ലക്ഷം നൽകി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പർ ലേലത്തിൽ പിടിച്ചതോടെ തന്റെ കരിയറിലെ മറക്കാനാകാത്ത ആ ചിത്രത്തിന് ജീവിതത്തിലുള്ള സ്ഥാനം കൂടി ഊട്ടിഉറപ്പിക്കുകയാണ് ലാലേട്ടൻ.31,99,500 രൂപ വിലയുള്ള ടൊയോട്ടോ ഇന്നോവ ഹൈക്രോസ് കാറിന് വേണ്ടിയാണ് കെഎൽ 07 ഡിജെ 2255 എന്ന നമ്പർ മോഹൻലാൽ ലേലത്തിൽ പിടിച്ചത്. ഇന്നലെ രാവിലെ എറണാകുളം ജോയിന്റ് ആർടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ മറ്റു രണ്ടുപേർ കൂടി പങ്കെടുത്തിരുന്നു.മറ്റുള്ളവർ 1,46,000 രൂപ വരെ ലേലം വിളിച്ചെങ്കിലും മോഹൻലാൽ ഈ സ്വപ്നനമ്പറിനായി നിലയുറപ്പിക്കുകയായിരുന്നു. പതിനായിരം രൂപയിൽ തുടങ്ങിയ ലേലം 1.45 ലക്ഷത്തിൽ എത്തിയതോടെ ലാലിന്റെ പ്രതിനിധി 1.80ലക്ഷം വിളിക്കുകയായിരുന്നു. ഇതോടെ എതിരാളികൾ പിൻമാറി. 5000 രൂപ ഫീസ് അടച്ചാണ് താരം നമ്പർ ബുക്ക് ചെയ്തത്. രണ്ടുപേർ കൂടി സമാനാവശ്യവുമായി എത്തിയതോടെയാണ് ലേലത്തിലേക്ക് കടന്നത്.കഴിഞ്ഞ വർഷം കെഎൽ 07 ഡിഎച്ച് 2255 എന്ന നമ്പർ ലാലിന്റെ സന്തതസഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ സ്വന്തമാക്കിയിരുന്നു.














