Kerala

ദൈവത്തിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുമോ ?; 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതിയുടെ നോട്ടിസ്

കൊച്ചി ∙ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച 20 ബിജെപി കൗൺസിലർമാർ ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തെന്ന് കാട്ടിയുള്ള ഹർജിയിൽ നോട്ടിസയച്ച് ഹൈക്കോടതി. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക് സമർപ്പിച്ച ഹർജിയിലാണ് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത നടപടി ഈ കേസിലെ വിധിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 കൗണ്‍സിലര്‍മാര്‍ക്കാണ് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. കോർപറേഷനിലെ സത്യപ്രതിജ്ഞ വേളയിൽ 20 ബിജെപി കൗൺസിലര്‍മാർ വിവിധ പേരകളിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് കേരള മുൻസിപ്പാലിറ്റി നിയം, 1994ന്റെ ലംഘനമാണ്. ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എന്നാൽ ബിജെപി കൗൺസിലർ‍മാർ‌ ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തിൽ‍, ഭാരതാംബയുടെ നാമത്തിൽ, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരത മാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർ‍ഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീ ധർമ ശാസ്താവിന്റ നാമത്തിൽ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറയുന്നു.

ഹർജി പരിഗണിച്ച കോടതി, ദൈവം പലർക്കും പലതായിരിക്കും എന്ന് അഭിപ്രായപ്പെട്ടു. ഒരാളുടെ ദൈവം ചിലപ്പോൾ ജീവിച്ചിരിക്കുന്ന ആളാവാം, ആൾദൈവമാകാം. അത് ഓരോരുത്തരുടേയും അവകാശമാണ്. എന്നാൽ ഒരാൾ‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുമോ എന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും അതിനാൽ ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നു എന്നും കോടതി വ്യക്തമാക്കി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.