Kerala

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; എംഎൽഎ ജയിലിൽ തുടരും

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജാമ്യം ലഭിക്കാതെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. എം.എൽ.എയ്‌ക്കെതിരെ നിരന്തരം ഇത്തരം പരാതികൾ ഉയരുന്നുണ്ടെന്നും ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയാക്കുമെന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളം നീണ്ട ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.വിദേശത്തുള്ള അതിജീവിതയുടെ മൊഴി വീഡിയോ കോൺഫറൻസിങ് വഴി രേഖപ്പെടുത്തിയ ദൃശ്യങ്ങൾ സിഡിയിലാക്കി അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ഐടി നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റ് സഹിതം ഡിജിറ്റൽ തെളിവായിട്ടാണ് ഈ ദൃശ്യങ്ങൾ കൈമാറിയത്.ഐജി പൂങ്കുഴിയുടെ നേതൃത്വത്തിൽ നടന്ന മൊഴി രേഖപ്പെടുത്തൽ നടപടികൾ പൂർണ്ണമായും വീഡിയോയിൽ പകർത്തിയിരുന്നു. കേസിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുള്ള അതിജീവിത, നിലവിൽ നാട്ടിലെത്താൻ സാധിക്കാത്തതിനാൽ എംബസി മുഖേനയോ ഓൺലൈൻ സംവിധാനത്തിലൂടെയോ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന അപേക്ഷയും കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്.അതേസമയം, രാഹുലിനെതിരായ കേസുകൾ രാഷ്ട്രീയ പകപോക്കലാണെന്നും പഴയ കേസുകൾ ഓരോന്നായി കുത്തിപ്പൊക്കി വേട്ടയാടുകയാണെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. പരാതിക്കാരിയുമായുള്ള ചാറ്റ് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കിയ പ്രതിഭാഗം, എല്ലാം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നുവെന്നും എം.എൽ.എയുടെ അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും വാദിച്ചെങ്കിലും കോടതി ഇത് കണക്കിലെടുത്തില്ല. പ്രതിക്ക് ജാമ്യം നൽകിയാൽ അത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന പ്രോസിക്യൂഷൻ ആശങ്ക കോടതി ശരിവെക്കുകയായിരുന്നു.

ജനുവരി 10ന് പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്ന് രാത്രി 12.30 ഓടെ മാങ്കൂട്ടത്തിലിനെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പത്തനംതിട്ട എ ആർ ക്യാമ്പിൽ എത്തിച്ചു. വനിത പൊലീസ് ഉള്‍പ്പെടെയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ നേമം പൊലീസ് ആണ് രാഹുലിനെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്. ഈ യുവതി ഗർഭിണിയായപ്പോൾ രാഹുൽ നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നും ഗർഭച്ഛിദ്രത്തിനായുള്ള ഗുളികകൾ സുഹൃത്ത് വഴി എത്തിച്ചു നൽകി എന്നും ആരോപണമുണ്ട്. ഈ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് 2026 ജനുവരി 21 വരെ നീട്ടിയിട്ടുണ്ട്.മറ്റൊരു യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന് നേരത്തെ വിചാരണ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.