Kerala

കോഴിക്കോട്ട് പാളത്തിൽ വീണ്ടും മരം വീണു;ട്രെയിനുകൾ വൈകും

കോഴിക്കോട് ∙ ശക്തമായ കാറ്റിൽ റെയിൽ പാളത്തിലേക്ക് വീണ്ടും മരം വീണ് കോഴിക്കോട് മേഖലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 7.45 ഓടെയാണ് കോഴിക്കോട് ബേപ്പൂർ മാത്തോട്ടത്ത് പാളത്തിലേക്ക് വീണ്ടും മരം വീണത്. ഷൊർണൂർ ഭാഗത്തേക്കുള്ള പാളത്തിലാണ് മരം വീണത്. രാവിലെ 10.05 ഓടെ മരം മുറിച്ചുമാറ്റി സാങ്കേതികപരിശോധന പൂർത്തിയാക്കി ട്രെയിനുകൾ കടത്തിവിട്ടു തുടങ്ങി.

രണ്ടു മണിക്കൂറോളം ഇരുവശത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ഒരു ട്രാക്കിലൂടെ തന്നെ നിയന്ത്രിച്ചു വിട്ടിരുന്നെങ്കിലും ഒരു ട്രാക്കിലുണ്ടായ തടസ്സം കാരണം ഈ ഭാഗത്തുകൂടിയുള്ള ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. മരം വീണ് ട്രാക്കിലെ ലൈൻ പൊട്ടിയതോടെയാണ് കോഴിക്കോട്–ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഇന്നലെ രാത്രിയും ഇതേ സ്ഥലത്ത് ട്രാക്കിലേക്ക് മരങ്ങള്‍ വീണിരുന്നു. ഇതു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് വീണ്ടും മരം വീണത്. തുടർന്ന് റെയിൽവേ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ ജീവനക്കാർ സ്ഥലത്തെത്തി അതിവേഗം ട്രാക്കിലെ തടസങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയും ഇന്നുമായി ട്രാക്കിലുണ്ടായ തടസങ്ങൾ കാരണം പല ട്രെയിനുകളും അഞ്ചു മണിക്കൂറോളം വൈകിയോടുകയാണ്.

തിങ്കളാഴ്ച രാത്രി കല്ലായിക്കും ഫറോക്കിനും ഇടയിൽ മാത്തോട്ടത്ത് മരങ്ങൾക്കൊപ്പം വീടിന്റെ മേൽക്കൂരയും റെയിൽവേ ട്രാക്കിൽ പതിച്ചിരുന്നു. കനത്ത കാറ്റിൽ റെയിൽപാതയ്ക്ക് നൂറുമീറ്ററോളം അകലെയുള്ള ഒരു വീടിന്റെ മേൽക്കൂരയാണ് പാളത്തിലെ വൈദ്യുതി ലൈനിൽ പതിച്ചത്. രണ്ടു പാളത്തിലായി വീണതിനാൽ ഇരുപാതകളിലും ഗതാഗതം തടസപ്പെട്ടു. തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് കടന്നുപോകുന്നതിനു തൊട്ടുമുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.