വാഷിങ്ടൻ ∙ 2026ലെ ആദ്യ വധശിക്ഷ യുഎസ് നടപ്പാക്കി. ടെക്സസിൽ 55 വയസ്സുകാരനായ ചാൾസ് വിക്ടർ തോംസൺ എന്ന പ്രതിക്കാണ് വിഷം കുത്തിവച്ച് വധശിക്ഷ നടപ്പിലാക്കിയത്. 1998 ൽ ഹൂസ്റ്റണിൽവച്ചു മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ കുറ്റത്തിനാണ് കോടതി വധശിക്ഷ വിധിച്ചത്. ഒരിക്കൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ചരിത്രവും പ്രതിക്കുണ്ട്.
മുൻ കാമുകിയെയും അവരുടെ പുതിയ പങ്കാളിയേയും താമസസ്ഥലത്തു എത്തിയാണ് തോംസൺ കൊലപ്പെടുത്തിയത്. തുടർന്ന് കോടതിയുടെ വിചാരണയിൽ പ്രതി ചെയ്ത കുറ്റം തെളിയുകയും വധശിക്ഷ ലഭിക്കുകയുമായിരുന്നു. വിചാരണക്കാലത്ത് ഹൂസ്റ്റണിലെ ജയിലിൽനിന്നും തോംസൺ രക്ഷപ്പെട്ടിരുന്നു. തുടർന്ന് മൂന്നു ദിവസത്തിനുശേഷം കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു.
എന്നാൽ വധശിക്ഷയ്ക്കു ഒരു മണിക്കൂർ മുൻപ് ശിക്ഷയിൽ ഇളവുതേടിയുള്ള തോംസണിന്റെ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളി. വധശിക്ഷ നടപ്പിലാക്കുന്നതിനു തൊട്ടുമുൻപായി തോംസൺ കൊലപ്പെടുത്തിയവരുടെ കുടുംബങ്ങളോട് ക്ഷമ ചോദിച്ചു. വിഷം കുത്തിവച്ച് 22 മിനിറ്റിനു ശേഷമാണ് തോംസൺ മരിച്ചതായി ജയിൽ അധികൃതർ പ്രഖ്യാപിച്ചത്.
യുഎസിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്സസ്. എന്നാൽ 2025ൽ ഈ സ്ഥാനം 19 വധശിക്ഷ നടപ്പാക്കിയ ഫ്ലോറിഡയ്ക്കാണ്. സെയിൽസ്മാനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയേയും വരുന്ന ഫെബ്രുവരി 10-ന് ഫ്ലോറിഡയിൽ വധശിക്ഷയ്ക്ക് വിധേയനാക്കും.














