ഫുജൈറ ∙ തണുപ്പകറ്റാൻ ട്രക്കിനകത്ത് കരി കത്തിച്ച് കിടന്നുറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങൽ സ്വദേശി ചോയംകണ്ടംകുനിയിൽ മുഹമ്മദ് അൻസാർ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അൻസാറിനെ ട്രക്കിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തൌബാനിലെ ഗാരിജിൽ താൽക്കാലികമായി ജോലി ചെയ്തുവരികയായിരുന്ന അൻസാർ മെച്ചപ്പെട്ട ജോലി കണ്ടെത്തുന്നതിനായി ഹെവി ഡ്രൈവിങ് ലൈസൻസിനു ശ്രമിച്ചുവരികയായിരുന്നു.
ഹുസൈന്റെയും റംലയുടെയും മകനാണ്. 11 വർഷമായി നാട്ടിൽ പോയിട്ട്. അവിവാഹിതനാണ്. ഹുസൈനും മറ്റൊരു മകനും ഫുജൈറയിലെ മുറബ്ബയിൽ ഗ്രോസറി നടത്തിവരികയാണ്.ഗൾഫിൽ ഏതാനും ആഴ്ചകളായി തുടരുന്ന കടുത്ത തണുപ്പിനെ പ്രതിരോധിക്കാനായി കരി കത്തിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു ഇദ്ദേഹം. അടച്ചിട്ട വാഹനത്തിനുള്ളിൽ ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ചതും ഓക്സിജന്റെ കുറവുമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മസാഫി ആശുപത്രിയിലുള്ള മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.
നേരത്തെ സൗദി അറേബ്യയിലെ ഖസീമിലും റിയാദിലുമായി സമാന രീതിയിൽ കോഴിക്കോട്, പാലക്കാട് സ്വദേശികൾ മരിച്ചിരുന്നു. ശരിയായ വായുസഞ്ചാരമില്ലാതെ ഹീറ്ററോ ചാർക്കോളോ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അധികൃതർ അറിയിച്ചു.














