കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ മനുഷ്യാവകാശ വിരുദ്ധമെന്ന് ആക്ഷേപം. 2026 ജനുവരി 4 ന് പുറപ്പെടുവിച്ചതും രാജ്യത്തുടനീളമുള്ള കോടതികളിലേക്ക് വിതരണം ചെയ്തതുമായ പുതിയ വ്യവസ്ഥകള്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരാണെന്നും പൗരന്‍മാര്‍ക്ക് മേല്‍ കടുത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്നുമാണ് ആക്ഷേപം. സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ച് ഒരു കുറ്റത്തിനു വിവിധ ശിക്ഷകള്‍ ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. മതപണ്ഡിതന്‍മാര്‍ അടങ്ങിയ വിഭാഗത്തെ നിയമത്തിനു അതീതരാക്കി നിര്‍ത്തിയെന്നും ആരോപണമുണ്ട്.
അഫ്ഗാന്‍ സമൂഹത്തെ മതപണ്ഡിതര്‍, വരേണ്യവര്‍ഗം, മധ്യവര്‍ഗം, താഴ്ന്ന വര്‍ഗം എന്നിങ്ങനെ നാല് വിഭാഗങ്ങളായി വിഭജിക്കുന്ന ആര്‍ട്ടിക്കിള്‍ 9 ആണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. ഈ സംവിധാനത്തില്‍, ഒരേ കുറ്റകൃത്യത്തിനുള്ള ശിക്ഷ പ്രതിയുടെ സാമൂഹിക നിലയെ അടിസ്ഥാനമാക്കിയാണ് നിര്‍ണ്ണയിക്കുന്നത്. ഒരു ഇസ്ലാമിക മത പണ്ഡിതന്‍ കുറ്റകൃത്യം ചെയ്താല്‍, ഉപദേശത്തില്‍ നടപടി ഒതുക്കും. കുറ്റവാളി ഉന്നത വിഭാഗത്തില്‍ പെട്ടയാളാണെങ്കില്‍, കോടതിയിലേക്ക് വിളിപ്പിച്ച് ഉപദേശം നല്‍കും. മധ്യവര്‍ഗത്തില്‍പ്പെടുന്ന വ്യക്തിയെങ്കില്‍ തടവ് ശിക്ഷ ലഭിക്കും. ‘താഴ്ന്ന വിഭാഗത്തില്‍’ നിന്നുള്ള വ്യക്തികള്‍ക്ക്, ശിക്ഷ തടവ്, ശാരീരിക പീഡനത്തിനും വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, സ്ത്രീ സ്വാതന്ത്ര്യത്തിന് വലിയ വിലക്കുകളും നിയമം വ്യവസ്ഥ ചെയ്യുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് അനുവാദമില്ലാതെ പുറത്തിറങ്ങിയാല്‍ സ്ത്രീകളെ ശിക്ഷിക്കാം. സ്ത്രീകളെ തല്ലുന്നതിനും പുതിയ നിയമം ഭര്‍ത്താക്കന്‍മാര്‍ക്ക് അനുവാദം നല്‍കുന്നു. സ്ത്രീകളെ ഭര്‍ത്താക്കന്‍മാര്‍ക്ക് തല്ലാമെന്നും എന്നാല്‍ പരുക്കേറ്റാല്‍ 15 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പുതിയ നിയമത്തിലുണ്ട്. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ സ്ത്രീകള്‍ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനു പോയാല്‍ അവര്‍ മൂന്ന് മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവരും.കുട്ടികള്‍ക്ക് എതിരായ ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍ പോലും നിസാരവത്കരിക്കുന്നതാണ് മറ്റ് വ്യവസ്ഥകള്‍. ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാകുന്ന അക്രമം മാത്രമാണ് നിയമം കുറ്റകരമായി കാണുന്നത്. പ്രാര്‍ത്ഥന മുടക്കിയാല്‍ 10 വയസ്സ് പ്രായമുള്ള കുട്ടികളെ പിതാവിന് ശിക്ഷിക്കാനും നിയമം അനുവാദം നല്‍കുന്നു.അധാര്‍മികതയുടെ സ്ഥലങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാന്‍ സാധിക്കുമെന്നതാണ് മറ്റൊരു വ്യവസ്ഥ. ‘അധാര്‍മികതയുടെ സ്ഥലങ്ങള്‍’ എന്താണെന്ന് കൃത്യമായ നിര്‍വചനവും നിയമത്തിലില്ല. ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, മറ്റ് പൊതു ഇടങ്ങള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാവുന്ന നിലയുണ്ടാകുമെന്നാണ് വിമര്‍ശനം. ‘നൃത്തം’ ചെയ്യുന്നതും നൃത്തം കാണുന്നതും നിയമവിരുദ്ധമാക്കുന്നു, എന്നാല്‍ നൃത്തമായി കണക്കാക്കുന്നത് എന്താണെന്ന് വിശദീകരിക്കുന്നില്ല. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ അന്യായമായ അറസ്റ്റുകള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കാരണമാകുമെന്നാണ് വിമര്‍ശനം.














