ന്യൂഡൽഹി ∙ വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ ആറു വയസ്സുകാരിയെ 15 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 18നാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. പ്രതികളെല്ലാം ഒരേ പ്രദേശത്തു താമസിക്കുന്നവരാണ്.
പെൺകുട്ടിയുടെ അവസ്ഥ കണ്ട് പ്രതികളിൽ ഒരാളുടെ അമ്മ തന്നെ സ്വന്തം മകനെ പൊലീസിൽ ഏൽപ്പിച്ചു. ഉത്തരവാദികളായ എല്ലാവർക്കും കഠിന ശിക്ഷ ലഭിക്കണമെന്നു പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഒരു കെട്ടിടത്തിന്റെ മുകളിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും അമ്മ ആരോപിച്ചു. കേസന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് ഭജൻപുരയിലെ താമസക്കാർ നാലു ദിവസമായി തെരുവിൽ പ്രതിഷേധത്തിലാണ്. പ്രതികളായ മൂന്നു കുട്ടികളും ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണെന്നു പൊലീസ് പറഞ്ഞു.
കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി മൊഴി രേഖപ്പെടുത്തി. കുട്ടിക്ക് ആവശ്യമായ കൗൺസിലിങും പരിചരണവും നൽകുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.
‘‘ ശരീരമാസകലം രക്തത്തിൽ കുളിച്ച നിലയിലാണ് മകൾ വീട്ടിലെത്തിയത്. എന്തുപറ്റിയെന്നു ചോദിച്ചപ്പോൾ വീണതാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ ശരീരത്തിൽ മറ്റു പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല. കൂടുതൽ ചോദിച്ചപ്പോഴാണ് നടന്ന കാര്യങ്ങൾ അവൾ പറഞ്ഞത്’’– അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അവിടെ നിന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.














