കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കക്കോടി ചാലിത്താഴം സ്വദേശി മേലെ പുറത്ത് പറമ്പത്ത് വീട്ടിൽ അഗിനേഷിനെ (27) ആണ് പൊലീസ് പിടികൂടിയത്. 17 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് പ്രതി ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ പ്രതിയെ മെഡിക്കൽ കോളജ് പരിസരത്ത് വച്ച് പിടികൂടുകയായിരുന്നു. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർമാരായ നിതിൻ, വിനോദ്സ, സിവിൽ പൊലീസ് ഓഫിസർമാരായ മനാഫ്, നീതു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.














