Latest

സ്കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ മോശമായാൽ തീരുമാനം മാറും

തിരുവനന്തപുരം∙ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും. ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു.

ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിനു ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നു മന്ത്രി പറഞ്ഞു. ആദ്യം 110 ദിവസവും, 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്നു പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്.

പിന്നാലെ കോടതിയുടെ നിർദേശപ്രകാരം കമ്മിഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മിഷൻ നൽകിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോർട്ടിൽ പറഞ്ഞതനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയം കൂട്ടിച്ചേർത്തത്.

ഒരു സ്കൂളിൽ എൽപിയും യുപിയും ഹൈസ്കൂളും ഒരുമിച്ചുള്ളതിനാൽ സമയക്രമത്തിൽ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കണം. റിപ്പോർട്ട് നൽകിയവരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പുതിയ അധ്യയന വർഷം സംസ്ഥാനത്തെ സർക്കാർ‌/എയ്ഡഡ് ഹൈസ്കൂളുകളിൽ അര മണിക്കൂർ പ്രവൃത്തി സമയം കൂട്ടാൻ തീരുമാനിച്ചിരുന്നു. രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാകും. ഒപ്പം തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം 7 ശനിയാഴ്ചകളിൽ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങൾ.

യുപി ക്ലാസുകളിൽ തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം 2 ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എൽപി ക്ലാസുകളിൽ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്. വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എൽപി ക്ലാസുകളിൽ പ്രതിവർഷം 800 മണിക്കൂർ ക്ലാസാണ് നിർദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങൾ മതിയാകും. ഹൈസ്കൂളുകളിൽ 1200 മണിക്കൂർ പഠന സമയം നിർദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങൾക്കൊപ്പം ദിവസവും അര മണിക്കൂർ കൂട്ടാൻ തീരുമാനിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.