Listen live radio

കോവിഡ് പ്രതിരോധ നടപടികളുമായി ജില്ലയുടെ സമഗ്ര രൂപരേഖ

after post image
0

- Advertisement -

ലോകത്തെ ഭീതിയുടെ മുള്‍മുനയിലാക്കിയ മഹാമാരിയെ അതിജീവിച്ച് ദേശീയ ശ്രദ്ധ നേടിയ വയനാടിന്റെ പ്രതിരോധ നടപടികള്‍ പുസ്തകമാക്കി ജില്ലാ ഭരണകൂടം. കോവിഡ് 19 നെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യത്തെ 25 ജില്ലകളില്‍ ഒന്നായി തീര്‍ന്ന ജില്ലയുടെ വിജയഗാഥകളാണ് പകര്‍ത്തിയെഴുതിയത്. കോവിഡ് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായാണ് ഒരു ജില്ല ഇത്തരത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെല്‍ ടീം എന്നിവര്‍ ചേര്‍ന്നാണ് കോവിഡ് 19 ഡിസ്ട്രിക് ആക്ഷന്‍ പ്ലാന്‍ എന്ന പേരില്‍ പ്രതിരോധ നടപടികള്‍ പുസ്തകമാക്കിയത്. പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ജില്ലാ ഭരണകൂടത്തിന്റെ www.wayanad.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.
ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ അറിയുവാന്‍ പുസ്തകം സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍,സ്വകാര്യ ആശുപത്രിയില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍, ഭാവിയില്‍ ഇത്തരത്തിലുളള രോഗങ്ങള്‍ വന്നാല്‍ പ്രതിരോധിക്കേണ്ട രീതികള്‍, നടപടിക്രമങ്ങള്‍ തുടങ്ങിയവ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയുണ്ടെന്ന് അവര്‍ പറഞ്ഞു.
സാമൂഹ്യ വ്യാപനം തടയുക, രോഗികളുടെ എണ്ണവും മരണനിരക്കും കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് ജില്ലാഭരണകൂടം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ആക്ഷന്‍ പ്ലാനില്‍ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയ്യുന്നതിനുളള മുന്‍കരുതല്‍ നടപടികള്‍, ക്വാറന്റെന്‍, സര്‍വൈലന്‍സ്, വിവിധ മേഖലകളില്‍ നടപ്പാക്കേണ്ട പ്രോട്ടോകോളുകള്‍, ബോധവല്‍ക്കരണം, മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ആക്ഷന്‍ പ്ലാന്‍. വിഭവ സമാഹരണം, ടെലിമെഡിസിന്‍, ശുചീകരണം, സാമൂഹ്യ അടുക്കള, റേഷന്‍ വിതരണം, മരുന്ന് വിതരണം, ആദിവാസികള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങിവര്‍ക്കായി നടത്തിയ പ്രത്യേക ഇടപെടല്‍, ആശുപത്രിയില്‍ എത്തുന്ന മറ്റ് രോഗികള്‍ക്കുളള മതിയായ ചികില്‍സ ഉറപ്പാക്കാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ എന്നിവയും ആക്ഷന്‍ പ്ലാനിലുണ്ട്.
ആക്ഷന്‍ പ്ലാനിന്റെ ആദ്യ പതിപ്പ് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. അതിജീവനത്തിന്റെ വയനാടന്‍ ചെറുത്ത് നില്‍പ്പ് വരും തലമുറയ്ക്കും ഓര്‍ത്തുവെക്കാന്‍ ആക്ഷന്‍ പ്ലാന്‍ സഹായിക്കുമെന്ന് ജില്ലാഭരണകൂടം കരുതുന്നു.

Leave A Reply

Your email address will not be published.