Latest

പടിയൂർ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാർ മരിച്ചനിലയിൽ

തൃശൂർ ∙ പടിയൂരിലെ ഇരട്ടക്കൊലയാളി പ്രേംകുമാർ മരിച്ച നിലയിൽ. ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ ഒളിവിൽ പോവുകയായിരുന്നു. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.

പൊലീസ് പ്രേംകുമാറിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കേദാർനാഥ് പൊലീസാണ് ഇരിങ്ങാലക്കുട പൊലീസിനെ വിവരം അറിയിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള പൊലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് പ്രേംകുമാർ കൊലപ്പെടുത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് വീട്ടിനുള്ളില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം കോട്ടയം കുറുച്ചി സ്വദേശിയായ പ്രേംകുമാറിനെ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ബുധനാഴ്ച രാത്രി ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രേംകുമാര്‍ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഇവള്‍ മരിക്കേണ്ടവള്‍ എന്നെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്.

ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. മറ്റൊരു കാമുകിയെ വിവാഹം കഴിക്കാനായി പ്രേംകുമാറും കാമുകിയും ചേർന്ന് വിദ്യയെ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേംകുമാര്‍ ജാമ്യത്തിലിറങ്ങി. അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയെന്നാണ് ഇയാള്‍ രേഖയെ വിശ്വസിപ്പിച്ചിരുന്നത്. സ്വന്തം കുടുംബവുമായും പ്രേംകുമാർ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.