കര്‍ണാടകയില്‍ ബൈക്ക് ടാക്‌സി സര്‍വീസിന് നിരോധനം 16 മുതല്‍ . ബൈക്ക് ടാക്‌സികള്‍ നിരോധിക്കാനുള്ള തീരുമാനം സ്‌റ്റേ ചെയ്യണമെന്ന് കാണിച്ച് ബൈക്ക് ടാക്‌സി ഓപറേറ്റര്‍മാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബൈക്ക് ടാക്‌സി സര്‍വീസുകള്‍ നിരോധിക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കരുതെന്ന് കാണിച്ചാണ് ഹൈക്കോടതിയെ ഇവര്‍ സമീപിച്ചത്. മോട്ടോര്‍ വാഹന നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്നതുവരെ സര്‍വീസ് നിര്‍ത്തിവെക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് വി കാമേശ്വര്‍ റാവു, ജസ്റ്റിസ് ശ്രീനിവാസ് ഹാരിഷ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ അനുവദിക്കാതിരുന്നത്. കേസില്‍ കര്‍ണാടക സര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂണ്‍ 24ലേക്കാണ് കേസ് നീട്ടിവെച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി ജൂണ്‍ 20നകം എല്ലാ കക്ഷികളോടും പ്രതികരണം അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
എഎന്‍ഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്(ഒല), ഊബര്‍ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, റോപ്പന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്(റാപിഡോ) എന്നിവര്‍ അടക്കമുള്ളവരാണ് അപ്പീലുമായി കോടതിയെ സമീപിച്ചത്. 2025 ഏപ്രില്‍ രണ്ടിനായിരുന്നു ബൈക്ക് ടാക്‌സികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നത്. ഇതിനെതിരെ അപ്പീല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബൈക്ക് ടാക്‌സി ഓപറേറ്റര്‍മാര്‍ കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
പ്രധാന ബൈക്ക് ടാക്‌സി ഓപറേറ്റര്‍മാരായ റാപിഡോ തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ കര്‍ണാടകയില്‍ ആറു ലക്ഷത്തോളം പേരുടെ ജീവിത മാര്‍ഗത്തെ നേരിട്ടു ബാധിക്കുമെന്നാണ് കോടതിയെ അറിയിച്ചത്. തങ്ങളുടെ റൈഡര്‍മാരില്‍ 75 ശതമാനത്തോളം പേരും ബൈക്ക് ടാക്‌സിയെയാണ് മുഖ്യവരുമാന മാര്‍ഗമായി കാണുന്നതെന്നും പ്രതിമാസം 35,000 രൂപയോളം ഇവര്‍ നേടുന്നുണ്ടെന്നും പറഞ്ഞു. ജിഎസ്ടി ഇനത്തില്‍ ബെംഗളുരുവില്‍ 100 കോടി രൂപയോളം അടച്ചിട്ടുണ്ടെന്നും റാപിഡോ കോടതിയെ അറിയിച്ചു.