National

ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി∙ പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി വർഷങ്ങളോളം ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാൽ യാദവിനെയാണു രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിനിടയിലും ഇയാൾ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.

നാവികസേനയെയും മറ്റു പ്രതിരോധ യൂണിറ്റുകളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ വിശാൽ യാദവ് പാക്കിസ്ഥാനിലെ ഒരു സ്ത്രീയ്ക്കാണു കൈമാറിയിരുന്നത്. വിവരങ്ങൾക്കു പകരമായി ഇയാൾ പണം കൈപ്പറ്റിയിരുന്നുവെന്നു മൊബൈൽ‌ ഫോൺ പരിശോധനയിൽ കണ്ടെത്തി. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തുന്ന ചാരപ്രവർത്തനങ്ങൾ രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് യൂണിറ്റ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു.

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ വനിതാ മാനേജറുമായാണു സമൂഹമാധ്യമങ്ങളിലൂടെ വിശാൽ നിരന്തരം ബന്ധപ്പെട്ടിരുന്നത്. പ്രിയ ശർമ്മ എന്ന് സ്വയം വിളിക്കുന്ന ഈ സ്ത്രീ തന്ത്രപരമായി പ്രാധാന്യമുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് വിശാലിന് പണം നൽകിയിരുന്നത്. വിശാൽ യാദവ് ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നും അദ്ദേഹത്തിന്റെ നഷ്ടം നികത്താൻ ഈ പണം ആവശ്യമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ക്രിപ്‌റ്റോകറൻസി ട്രേഡിങ് അക്കൗണ്ട് വഴിയും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും വിശാൽ‌ യാദവ് പണം സ്വീകരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജയ്പൂരിലെ സെൻട്രൽ ഇന്ററോഗേഷൻ സെന്ററിൽ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ വിശാൽ യാദവിനെ സംയുക്തമായി ചോദ്യം ചെയ്തുവരികയാണ്. ഈ റാക്കറ്റിൽ മറ്റാരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും എത്രത്തോളം വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്നും കണ്ടെത്താനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.