തിരുവനന്തപുരം∙ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. നെടുമങ്ങാട് പനയമുട്ടത്ത് രാത്രി 12 മണിയോടെയായിരുന്നു അപകടം. മരം ഒടിഞ്ഞ് വീണതോടെ പോസ്റ്റൊടിഞ്ഞ് റോഡിലേക്കു വീഴുകയായിരുന്നു. അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക്, പൊട്ടിവീണ വൈദ്യുതലൈനിലേക്ക് കയറിയാണ് അപകടം. കാറ്ററിങ് ജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നു. അക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. അപകടം നടന്നതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് നാട്ടുകാരെ വിളിച്ചുകൂട്ടി അക്ഷയിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വളരെ പഴക്കം ചെന്ന വൈദ്യുത പോസ്റ്റായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പനയമുട്ടത്ത് ഇന്നലെ രാത്രി ശക്തമായ മഴയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മരമൊടിഞ്ഞ് വീണതാകാമെന്നാണ് നിഗമനം. ബിരുദ വിദ്യാർഥിയാണ് മരിച്ച അക്ഷയ്. മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്കു മാറ്റി.