Kerala

പാൽചുരം ബോയ്സ് ടൗൺ റോഡിൽ വീണ്ടും മണ്ണിടിച്ചില്‍, കാൽനടയാത്ര പോലും മുടങ്ങി

കൊട്ടിയൂർ ∙ കണ്ണൂർ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരം ബോയ്സ് ടൗൺ റോഡിൽ വീണ്ടും മണ്ണിടിഞ്ഞു. ഇന്നലെ വൈകിട്ട് തുടങ്ങിയ മണ്ണിടിച്ചിൽ ഇന്നും തുടർന്നു. പാറയും മണ്ണും മരവും വീണ് കാൽനടയാത്ര പോലും സാധ്യമല്ല. ഇന്നലെ രാത്രി മണ്ണിടിച്ചിൽ ശക്തമായതോടെ ഇതുവഴിയുള്ള ഗതാഗതം ജില്ലാ കലക്ടർ നിരോധിച്ചിരുന്നു. ചുരത്തിലെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ചെകുത്താൻ തോടിനു സമീപമാണ് മണ്ണിടിച്ചിൽ.

ഇന്നലെ വൈകിട്ട് മണ്ണിടിഞ്ഞെങ്കിലും നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ രാത്രിയിൽ വീണ്ടും മണ്ണിടിഞ്ഞതോടെയാണ് കലക്ടർ ഗതാഗതം നിരോധിച്ചത്. മേയിലും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയിരുന്നു. ഇപ്പോൾ വാഹനങ്ങൾ പേര്യ ചുരം വഴിയാണ് പോകുന്നത്.

വയനാട്ടിൽനിന്നു കണ്ണൂർ വിമാനത്താവളത്തിലേക്കും കൊട്ടിയൂർ ക്ഷേത്രത്തിലേക്കും പോകുന്നത് ഇതുവഴിയാണ്. കർണാടകയിൽ നിന്നുള്ളവരുൾപ്പെടെ ആശ്രയിക്കുന്ന വഴിയാണിത്. കാസർകോട്, മംഗലാപുരം ഭാഗത്തേക്കു പോകുന്നവരും ഈ വഴി ഉപയോഗിക്കുന്നുണ്ട്. ഒരു ഭാഗം ചെങ്കുത്തായ കുന്നുകളും മറുഭാഗം കിടങ്ങുമായ ബോയ്സ് ടൗൺ–പാൽചുരം റോഡ് അപകടഭീഷണിയുള്ളതാണ്. ചെങ്കൽ കയറ്റി വരുന്ന ലോറികളും ദീർഘദൂര ബസുകളും ആശ്രയിക്കുന്ന റോഡിന് പലയിടത്തും ആവശ്യത്തിനു വീതിയില്ല.

ചരക്കു ലോറികൾ ഏറെ പ്രയാസപ്പെട്ടാണ് കുത്തനെയുള്ള കയറ്റം കയറുന്നത്.ഏറെക്കാലത്തെ പരാതികൾക്കു ശേഷമാണ് പാടേ തകർന്ന റോഡിൽ കേരള റോഡ് ഫണ്ട് ബോർഡ് 85 ലക്ഷം രൂപ മുടക്കി ഏതാനും വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയത്. അപകട സാധ്യത ഏറെയുള്ള സ്ഥലങ്ങളിൽ വീതി കൂട്ടണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. കനത്ത മഴ പെയ്താൽ പാൽചുരത്തിൽ മണ്ണിടിച്ചിൽ പതിവാണ്. ചെറിയ തോതിൽ മണ്ണിടിഞ്ഞാൽ പോലും ഇവിടെ ഗതാഗതം മുടങ്ങും. മേയ് അവസാനവും മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു. എന്നാൽ കൊട്ടിയൂർ ഉത്സവം ആരംഭിക്കുന്ന സമയമായതിനാൽ വളരെ പെട്ടെന്നു മണ്ണുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. നാട്ടുകാർ തന്നെയാണ് പലപ്പോഴും ഗതാഗതം പുനഃസ്ഥാപിക്കുന്നത്.

യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരമായി കൊട്ടിയൂർ – അമ്പായത്തോട് 44-ാം മൈൽ ചുരമില്ലാ ബദൽ പാത നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. വളരെ എളുപ്പം നിർമിക്കാവുന്നതായിട്ടും സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്നാണ് രണ്ട് ജില്ലകളിലുമുള്ള നാട്ടുകാർ ആരോപിക്കുന്നത്. ബദൽറോഡിനായി നിരവധി സമരങ്ങൾ നടത്തിയിട്ടും സർക്കാർ അനുഭാവ പൂർവമായ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.