കണ്ണൂർ ∙ തമിഴ്നാട്ടിലെ ഒരു ഉഗ്രമന്ത്രവാദിയുടെ അനുഗ്രഹമുള്ളതിനാൽ തന്നെ ആർക്കും കൊല്ലാനാവില്ലെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ അവകാശവാദം. ഇക്കാര്യം ഇടയ്ക്കിടെ സഹതടവുകാരോടു പറയുമായിരുന്നു. കടുത്ത അന്ധവിശ്വാസിയായിരുന്ന ഇയാള്‍ ജയിലിൽ സ്ഥിരം പ്രശ്നക്കാരനായിരുന്നെന്നാണ് വിവരം. ജയിൽ ഉദ്യോഗസ്ഥരോടു ക്ഷുഭിതനായി അവർക്കു നേരേ വിസർജ്യം വാരിയെറിയുന്ന സംഭവവുമുണ്ടായിട്ടുണ്ട്. സഹതടവുകാരോടും ഇടയ്ക്കിടെ പൊട്ടിത്തെറിക്കുമായിരുന്നു. ഗോവിന്ദച്ചാമിയുടെ അടുത്തേക്ക് പോകാൻ ജയിൽ ഉദ്യോഗസ്ഥർക്ക് പോലും മടിയായിരുന്നെന്ന് വെളിപ്പെടുത്തലുണ്ട്. 2011 മുതൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാളെ, അതീവ സുരക്ഷാമേഖലയായ പത്താം നമ്പർ ബ്ലോക്കിലായിരുന്നു പാർപ്പിച്ചിരുന്നത്.
മട്ടന്റെ മണമടിച്ചപ്പോൾ നിരാഹാരം നിന്നുനിരന്തരം പരാതി പറയുന്ന സ്വഭാവക്കാരനാണ് ഗോവിന്ദച്ചാമി. ഒരിക്കൽ ബിരിയാണി ആവശ്യപ്പെട്ടിട്ടു കിട്ടാതിരുന്നപ്പോൾ, കിട്ടിയേതീരൂ എന്നു വാശിപിടിച്ച് നിരാഹാരം കിടന്നിട്ടുണ്ട്. പിറ്റേന്നു ജയിലിൽ മട്ടൻകറിയായിരുന്നു. ഉച്ചയ്ക്ക് അതിനെ മണമടിച്ചപ്പോൾ പിടിവാശി തീർന്നു. നിരാഹാരമുപേക്ഷിച്ച് മട്ടൻകറി കൂട്ടി ഭക്ഷണം കഴിച്ചു. ദിവസവും ബീഡി വേണമെന്നായിരുന്നു മറ്റൊരാവശ്യം.
ഒരു കയ്യില്ലാത്ത തനിക്കു കൃത്രിമക്കൈ വേണമെന്ന് ആവശ്യപ്പെടുകയും അതിനായി ജയിൽ ഡിജിപിക്കു നിവേദനം നൽകുകയും ചെയ്തിരുന്നു. ജയിൽ മാറ്റണമെന്നു ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. അതിന് അധികൃതർ ചെവികൊടുക്കാതിരുന്നപ്പോൾ ഒരു ദിവസം ആത്മഹത്യാശ്രമവും നടത്തിയിരുന്നു. പ്രഭാതകർമങ്ങൾക്കായി പുറത്തിറക്കിയപ്പോൾ കഴുക്കോലിൽ ഒറ്റക്കൈകൊണ്ട് മുണ്ട് കെട്ടി തൂങ്ങാൻ ശ്രമിക്കുകയായിരുന്നു. ജയിൽജീവനക്കാരും മറ്റു തടവുകാരും ചേർന്ന് തടഞ്ഞു. പിന്നീട് മുണ്ട് ഒഴിവാക്കി ബർമുഡയാണ് ധരിക്കാൻ നൽകിയിരുന്നത്. .ആദ്യം കൂട്ട് പൂച്ചകൾഒറ്റയ്ക്ക് പാർക്കുന്ന സെല്ലിൽ ആദ്യകാലത്ത് ഗോവിന്ദച്ചാമിക്ക് കൂട്ടായി മൂന്നു പൂച്ചകളുണ്ടായിരുന്നു. 2014-ൽ ജയിലിൽനിന്നു പൂച്ചകളെ ഒഴിവാക്കാൻ നടപടിയുണ്ടായപ്പോൾ ഈ പൂച്ചകളംയും ഒഴിവാക്കി. ഗോവിന്ദച്ചാമി എതിർത്തതോടെ ബലപ്രയോഗത്തിലൂടെയാണ് പൂച്ചകളെ പിടികൂടി മാറ്റിയത്. ഒറ്റയ്ക്കൊരു സെല്ലിൽ കഴിയുന്നവരിൽ പലർക്കും അന്ന് പൂച്ചയെ വളർത്താൻ അനുമതിയുണ്ടായിരുന്നു.
അതീവ സുരക്ഷാ ജയിലായിരുന്നെങ്കിലും ഗോവിന്ദച്ചാമിക്ക് ജയിലിൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നുവെന്നാണ് ജയിച്ചാട്ടത്തിൽനിന്നു വ്യക്തമാകുന്നത്. ജയിൽ അഴി മുറിക്കാൻ ആയുധം കിട്ടിയതും പാന്റ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ലഭിച്ചതും ഇതിന് തെളിവാണ്. മതിൽ ചാടാൻ വാട്ടർ ടാങ്കുകളും തൂങ്ങിയിറങ്ങാൻ പുതപ്പും കയറും കണ്ടെത്തുകയും ചെയ്തു. ഏതുവഴി ചാടിയാലാണ് റോഡിലെത്താൻ സാധിക്കുക എന്ന ധാരണയും ഗോവിന്ദച്ചാമിക്കുണ്ടായിരുന്നു.