ന്യൂഡൽഹി: ഡൽഹിയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായി എഴുപത്തെട്ടുകാരന്റെ 23 കോടി രൂപ നഷ്ടപ്പെട്ടു. ദക്ഷിണ ഡൽഹിയിലെ ഗുൽമോഹർ പാർക്ക് സ്വദേശിയും 78-കാരനുമായ നരേഷ് മൽഹോത്രയാണ് തട്ടിപ്പിനിരയായത്. മുൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഒരു മാസത്തിനിടെയാണ് ഇത്രയും തുക നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിന്റെ ബാങ്ക്, നിക്ഷേപ വിവരങ്ങളും തട്ടിപ്പുകാർ കൈക്കലാക്കി. സംഭവത്തിൽ സയൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. ടെലികോം കമ്പനിയിലെ ഉദ്യോഗസ്ഥയാണെന്നു പറഞ്ഞ് ഒരു സ്ത്രീ വിളിക്കുകയായിരുന്നു. നരേഷിന്റെ മൊബൈൽ നമ്പർ തട്ടിപ്പിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചതായി സ്ത്രീ ആരോപിച്ചു. പിന്നാലെ മുംബൈ പോലീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പലരും വിളിച്ചു. നരേഷിനെതിരേ ഗുരുതര നടപടികൾ സ്വീകരിക്കുമെന്നും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ആരോപിച്ചും ഭീഷണിപ്പെടുത്തി.വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നും കർശന നിർദേശം നൽകി. ഓരോ രണ്ട് മണിക്കൂറിലും വീഡിയോ കോളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും വിഷയം രഹസ്യമായി സൂക്ഷിക്കുമെന്ന് നരേഷിനെക്കൊണ്ട് സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങുകയും ചെയ്തു. തുടർന്ന് കൂടുതൽ വിശ്വാസം ആർജിക്കാനായി ഒരു വ്യാജ ജാമ്യ ഉത്തരവ് അയച്ചുനൽകി. പാസ്പോർട്ട് പിടിച്ചെടുക്കുമെന്നും അന്താരാഷ്ട്ര യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നുവരെയും ഭീഷണിപ്പെടുത്തി.
ഇത്തരത്തിൽ ഡിജിറ്റൽ തടങ്കലിൽ നിർത്തി ഓഗസ്റ്റ് നാലുമുതൽ സെപ്റ്റംബർ നാലുവരെയായി മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 23 കോടിരൂപ തട്ടിപ്പുകാർ പിൻവലിച്ചു. 20 ഇടപാടുകളിലൂടെയാണ് ഈ ഭീമമായ തുക പിൻവലിച്ചത്. കൂടാതെ ബാങ്ക്, നിക്ഷേപ വിവരങ്ങളും കൈക്കലാക്കി. കോടികൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം പോലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ്, നരേഷിന്റെ ബാങ്കിൽനിന്ന് കൈമാറ്റംചെയ്ത രണ്ടരക്കോടിയോളം രൂപ മരവിപ്പിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.














