Kerala

മന്ത്രിപത്നിയുടെ കാർ പുതുച്ചേരി ‌വഴി, രേഖകളിൽ കൃത്രിമം; റജിസ്ട്രേഷൻ പുതുച്ചേരിയിലെ കടയുടെ വിലാസത്തിൽ

തിരുവനന്തപുരം∙ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വീട്ടിൽ ഒരു മാസം മുൻപുവരെ ഉപയോഗിച്ചിരുന്ന ആഡംബര കാർ കേരളത്തിൽ റജിസ്റ്റർ ചെയ്ത ഘട്ടത്തിൽ ഉടമസ്ഥതാ രേഖയിൽ കൃത്രിമം. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും റജിസ്റ്റർ ചെയ്ത് കേരളത്തിൽ ഒരു വർഷം ഉപയോഗിച്ച ശേഷമാണു മിനി കൂപ്പർ കാബ്രിയോ കാർ 2018 ജനുവരി 22നു പുനലൂർ ആർടി ഓഫിസിൽനിന്നു കേരള റജിസ്ട്രേഷൻ എടുത്തത്.

പുതുച്ചേരിയിലെ രേഖകളിൽ രണ്ടാമത്തെ ഉടമയായിരുന്ന മന്ത്രിയുടെ ഭാര്യ ബിന്ദു കേരളത്തിൽ എത്തിയപ്പോൾ ‘ആദ്യത്തെ’ ഉടമയായി. ‘അന്യ സംസ്ഥാനത്തുനിന്നുള്ള റജിസ്ട്രേഷൻ’ എന്നതിനു പകരം ‘ടൈപ്പ് ന്യു’ എന്നും പരിവഹൻ വെബ്സൈറ്റിൽ ചേർത്തു. കേരളത്തിലെ സെലിബ്രിറ്റികളുടെ കാറുകളുടെ പുതുച്ചേരി റജിസ്ട്രേഷൻ വിവാദമായ സമയത്തായിരുന്നു ഈ മാറ്റം. 2012ൽ നിർമിച്ച്, ഇറക്കുമതി ചെയ്ത കാർ 2013 ജൂൺ 12നാണു നാഗ്പുർ റൂറലിൽ എംഎച്ച് 40 എസി 6666 എന്ന നമ്പറിൽ അവിടത്തെ ഒരു വാഹന ഡീലർ ആദ്യ ഉടമയായി റജിസ്റ്റർ ചെയ്തത്. 2017ൽ പുതുച്ചേരിയിലെ കാർ പാലസ്, നമ്പർ 225, ഷോപ്പ് നമ്പർ 1, സുബ്ബരായ പിള്ള സ്ട്രീറ്റ് എന്ന വിലാസത്തിൽ മന്ത്രിയുടെ ഭാര്യയുടെ പേരിലേക്കു പിവൈസിക്യു 0012 എന്ന നമ്പറിൽ ഉടമസ്ഥാവകാശം മാറ്റി. വാഹനത്തിന്റെ ആദ്യ ഉടമ എന്ന നിലയ്ക്കാണ് ‘ഓണർഷിപ് സീരിയൽ നമ്പർ 1’ എന്നു രേഖപ്പെടുത്തിയതെന്ന മറുപടിയാണു ഗതാഗത കമ്മിഷണറേറ്റിൽനിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ചത്. മന്ത്രിയോടു വിശദീകരണം തേടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. കഴിഞ്ഞ മാസം ഈ കാർ വിൽപന നടത്തിയതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.