മാനന്തവാടി: തലപ്പുഴ വെൺമണിയിലെ കൊളങ്ങോട് ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഞ്ചോളം കാട്ടുപോത്തുകളെ പ്രദേശത്ത് കണ്ടത്. കൃഷിയിടങ്ങളിലിറങ്ങിയ കാട്ടുപോത്തുകൾ വ്യാപകമായി വാഴകൾ ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു.
ഏതാനും മാസങ്ങൾക്ക് മുൻപും ഇതേ പ്രദേശത്ത് കാട്ടുപോത്തുകൾ ഇറങ്ങി പുളിക്കൽ അപ്പച്ചൻ എന്ന കർഷകൻ്റെ വാഴകൃഷി നശിപ്പിച്ചിരുന്നു. വീണ്ടും കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായതോടെ വാഴക്കർഷകർ ഉൾപ്പെടെയുള്ളവർ വലിയ ആശങ്കയിലാണ്.വിവരമറിഞ്ഞെത്തിയ വനപാലകർ ഏറെ പണിപ്പെട്ടാണ് കാട്ടുപോത്തുകളെ സമീപത്തെ വനത്തിലേക്ക് തുരത്തിയത്. മേഖലയിലെ തുടർക്കഥയാകുന്ന വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെടുന്നത്.