National

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്

ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’ എന്ന് കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശമാണ് ഫോണിന്റെ ഫൊറന്‍സിക് പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയത്.

ഡോ. മഹേന്ദ്ര റെഡ്ഡി, ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിലൂടെ കാമുകിക്ക് അയച്ച സന്ദേശമാണ് അന്വേഷണ സംഘത്തിനു നിര്‍ണായക തെളിവായിരിക്കുന്നത്. കാമുകിയെ ചോദ്യം ചെയ്യുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാമുകിയുടെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.വീട്ടിൽ വച്ച് ലഹരിമരുന്ന് അമിതമായി നൽകിയതിനെ തുടർന്ന് മഹേന്ദ്ര റെഡ്ഡിയുടെ ഭാര്യയായ ഡോ. കൃതിക റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ആറു മാസത്തിനു ശേഷമാണ് മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫൊറന്‍സിക് പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പരിശോധനയില്‍ കൃതികയുടെ അവയവങ്ങളില്‍ അനസ്‌തെറ്റിക് മരുന്നായ പ്രൊപ്പോഫോളിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ശക്തമായ അനസ്‌തെറ്റിക് മരുന്നാണ് പ്രോപ്പോഫോളിന്‍. തുടര്‍ന്ന് മഹേന്ദ്ര റെഡ്ഡിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, കാനുല സെറ്റ്, ഇൻജക്ഷന്‍ ട്യൂബ്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ പൊലീസ് കണ്ടെടുത്തു. ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മരുമകന്‍ മകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.