ധാക്ക∙ ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്മാൻ ഷെറീഫ് ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ കലാപത്തിനിടെ ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം വിവാദമാകുന്നു. മതനിന്ദയാരോപിച്ചാണ് മൈമെൻസിംഗിലെ ഒരു വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ദീപു ചന്ദ്ര ദാസിനെ വ്യാഴാഴ്ച രാത്രി ജനക്കൂട്ടം തല്ലിക്കൊന്നത്. അതേസമയം, ഉസ്മാൻ ഷെറീഫ് ഹാദിയുടെ കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ രാജ്യത്ത് കലാപം തുടരുകയാണ്. ധാക്കയിൽ പലയിടത്തും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ദീപു ചന്ദ്ര ദാസിനെ തല്ലിക്കൊന്ന ശേഷം ശരീരം ഒരു മരത്തിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നിരവധി ആളുകൾ ആ ക്രൂരത കണ്ട് മൃതദേഹത്തിന് ചുറ്റും നിന്ന് ആഘോഷിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ നടപടിക്ക് ഉത്തരവിട്ടെങ്കിലും സർക്കാരിൽ നിന്ന് തങ്ങൾക്ക് ആരും ഒരു ഉറപ്പും നൽകിയിട്ടില്ലെന്നാണ് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് പറയുന്നത്. തന്റെ മകന്റെ കൊലപാതക വാർത്ത ആദ്യം അറിഞ്ഞത് ഫെയ്സ്ബുക്കിലൂടെ ആണെന്നും പിതാവ് പറഞ്ഞു. ‘‘ആൾക്കൂട്ടം അവനെ മർദിച്ചു. അവന്റെ മേൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. കത്തിക്കരിഞ്ഞ ശരീരം മരത്തിൽ കെട്ടിത്തൂക്കി’’ – പിതാവ് എൻഡിടിവിയോട് പറഞ്ഞു. മൈമെൻസിംഗിലെ ഭാലുകയിലുള്ള ഒരു ഫാക്ടറിയിലാണ് ദീപു ചന്ദ്ര ദാസ് ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് സഹപ്രവർത്തകർ ദാസ് മതനിന്ദ നടത്തിയെന്ന് ആരോപിച്ചത്.
ജനക്കൂട്ടം ദീപുവിന് നേർക്കു തിരിയുന്നതിനിടെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബംഗ്ലദേശി എഴുത്തുകാരി തസ്ലീമ നസ്രിൻ പറയുന്നു. സംഭവിച്ചതെല്ലാം ദീപു പൊലീസിനോട് പറഞ്ഞു, താൻ നിരപരാധിയാണെന്നും മതനിന്ദ നടത്തിയിട്ടില്ലെന്നും ഇതെല്ലാം ഒരു സഹപ്രവർത്തകന്റെ ഗൂഢാലോചനയായിരുന്നുവെന്നുമാണ് ദീപു പൊലീസിനോട് പറഞ്ഞത്. എന്നാൽ ജനക്കൂട്ടം പൊലീസിനെ മറികടന്ന് യുവാവിനെ സ്റ്റേഷനിൽനിന്ന് പുറത്തിറക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ദീപുവിനെ പൊലീസ് തന്നെ സ്റ്റേഷനിൽ നിന്ന് പുറത്താക്കിയതാണോ എന്നും തസ്ലീമ ചോദിക്കുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ദീപു ചന്ദ്രദാസ്. യുവാവിന്റെ വരുമാനം കൊണ്ടാണ് ഭിന്നശേഷിക്കാരായ അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും ജീവിച്ചിരുന്നതെന്നും തസ്ലീമ തന്റെ പോസ്റ്റിൽ കുറിച്ചു.














