ന്യൂഡൽഹി∙ 25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നിശാക്ലബ്ബിലെ തീപിടിത്തത്തിനു പിന്നാലെ ക്ലബ് ഉടമകൾ രാജ്യം വിട്ടു. ശനിയാഴ്ച രാത്രിയുണ്ടായ തീപിടിത്തം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളായ ഗൗരവ്, സൗരഭ് ലുത്ര എന്നിവർ രാജ്യം വിട്ടത്. ഇരുവരും തായ്‌ലൻഡിലേക്ക് പോയതായി പൊലീസ് അറിയിച്ചു. പ്രതികളെ അന്വേഷിച്ച് പൊലീസ് സംഘം ഡൽഹിയിലെത്തിയെങ്കിലും ഇരുവരും വീട്ടിലില്ലായിരുന്നു. ഇതോടെ പ്രതികൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കാൻ പൊലീസ് ഇമിഗ്രേഷൻ ബ്യൂറോയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അപകടം നടന്നതിനു തൊട്ടുപിന്നാലെയാണ് ഞായറാഴ്ച പുലർച്ചെ 5.30 ന് രണ്ട് പ്രതികളും തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് കടന്നതെന്ന് ഇമിഗ്രേഷൻ ബ്യൂറോ കണ്ടെത്തി. തീപിടിത്തമുണ്ടായ സമയത്ത് ഇരുവരും ഡൽഹിയിലായിരുന്നു. ഡൽഹി – ഫുക്കറ്റ് ഇൻഡിഗോ വിമാനത്തിലാണ് ഇവർ രക്ഷപ്പെട്ടത്. പ്രതികളെ തിരികെ എത്തിക്കാനായി ഗോവ പൊലീസ്, സിബിഐ – ഇന്റർപോൾ എന്നിവരുടെ സഹായം തേടിയിട്ടുണ്ട്. അതേസമയം ഡൽഹിയിൽ നിന്ന് അറസ്റ്റിലായ കേസിലെ മൂന്നാം പ്രതി ഭരത് കോലിയെ ചോദ്യം ചെയ്യുന്നതിനായി ഗോവയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ക്ലബ്ബിന് പെർമിറ്റ്, ലൈസൻസ് എന്നിവ നൽകിയതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യും.














