കൊച്ചി ∙ സിനിമാ സംഘട്ടന രംഗങ്ങളെ വെല്ലുന്ന രീതിയിൽ യുപിയിലെ ഹൈവേയിൽ വച്ച് പണം കൊള്ളയടിച്ച ശേഷം കടന്നയാൾ കൊച്ചിയിൽ പിടിയിൽ. യുപി സ്വദേശി റിസാഖത്തിനെയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ സഹായത്തോടെ യുപി പൊലീസ് പിടികൂടിയത്. എറണാകുളം ചിറ്റൂർ റോഡിലുള്ള ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ഡിസംബർ 15ന് ഡൽഹി – ലക്നൗ ദേശീയപാതയിലെ ഹാപുരിൽ വച്ച് ഇയാള്‍ ഉൾപ്പെട്ട സംഘം 85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. യുപിയിലെ നോയ്ഡയിലുള്ള ബിസിനസുകാരന്റെ അക്കൗണ്ടന്റ് പണവുമായി പോകുന്ന വഴിയായിരുന്നു സംഭവം. കാറിലും ബൈക്കിലുമായെത്തിയ സംഘം അക്കൗണ്ടന്റിന്റെ വാഹനത്തിൽ നിന്ന് പണമടങ്ങിയ ബാഗ് പിടിച്ചുപറിക്കുകയായിരുന്നു. വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കെയായിരുന്നു ഇത്. തുടർന്ന് അക്കൗണ്ടന്റിന്റെ സ്കൂട്ടർ മറിഞ്ഞുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
കൊള്ളസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടുകയും ഇവരെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്വേഷണം തുടരവേയാണ് സംഘത്തിലുള്‍പ്പെട്ട റിസാഖത്ത് കൊച്ചിയിലുണ്ടെന്ന് മൊബൈൽ ഫോൺ ലൊക്കേഷനില്‍ നിന്ന് പൊലീസിനു മനസിലായത്. തുടർന്ന് യുപി പൊലീസ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും ഇവരുടെ സഹായത്തോടെ റിസാഖത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം യുപി പൊലീസിനു കൈമാറും. ഇയാളിൽ നിന്ന് സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെയും വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.














