മുംബൈ ∙ ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാഗിനെതിരെ മുംബൈയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഗാർഹികപീഡന പരാതി നൽകി നടി സെലീന ജയ്റ്റ്ലി (47). ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിച്ച ഭർത്താവ് ഒരു ‘നാർസിസ്റ്റ്’ ആണെന്നും തന്നോടോ കുട്ടികളോടോ ഒരുതരത്തിലുള്ള സഹാനുഭൂതിയും കാണിക്കാറില്ലെന്നും സെലീന ആരോപിച്ചിട്ടുണ്ട്.
ഓസ്ട്രിയയിൽ ഭർത്താവിനൊപ്പമുള്ള മക്കളുടെ സംരക്ഷണം തനിക്കു വിട്ടുതരണമെന്നും നഷ്ടപരിഹാരമായി 50 കോടി രൂപയും ജീവനാംശമായി പ്രതിമാസം 10 ലക്ഷം രൂപയും നൽകണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. ‘വിവാഹശേഷം ജോലിക്കു പോകുന്നതു ഭർത്താവ് വിലക്കി. അദ്ദേഹത്തിന്റെ പീഡനം സഹിക്ക വയ്യാതെയാണ് ഓസ്ട്രിയ വിട്ട് ഇന്ത്യയിലേക്കു വന്നത്. ഭർത്താവ് മുൻകോപിയും മദ്യപാനിയുമാണ്.’– നടി പരാതിയിൽ ആരോപിച്ചു.
പരാതിയെ തുടർന്ന് ഓസ്ട്രിയയിലെ ബിസിനസുകാരനും ഹോട്ടൽ ഉടമയുമായ പീറ്റർ ഹാഗിനു കോടതി നോട്ടിസ് അയച്ചു. കേസ് അടുത്ത മാസം 12നു പരിഗണിക്കും. ഹാഗ് കഴിഞ്ഞ ഓഗസ്റ്റിൽ ഓസ്ട്രിയയിലെ കോടതിയിൽ വിവാഹമോചന ഹർജി നൽകിയിരുന്നു. 2010ൽ വിവാഹിതരായ ഇരുവർക്കും 3 മക്കളുണ്ട്. 2001ൽ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട സെലീന ജയ്റ്റ്ലി നോ എൻട്രി, അപ്‌നാ സപ്‌നാ മണി മണി, മണി ഹേ തോ ഹണി ഹേ, ഗോൽമാൽ റിട്ടേൺസ്, താങ്ക് യു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ്.














