കൽപ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും വൻതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മുൻ എൻജിനീയർ വയനാട് പോലീസിന്റെ പിടിയിലായി. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) ആണ് അറസ്റ്റിലായത്.അതിസാഹസികമായ നീക്കത്തിനൊടുവിൽ സൗത്ത് ന്യൂ ഡൽഹിയിലെ കാൺപൂർ രാജുപാർക്കിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 26-ന് പുലർച്ചെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്.തിരുനെല്ലി സ്‌റ്റേഷനിലെ ലഹരി കേസിൽ റിമാൻഡിലായിരുന്ന ഇയാൾ, വിവാഹാവശ്യത്തിനെന്ന വ്യാജേന കോടതിയിൽ നിന്ന് 10 ദിവസത്തെ ജാമ്യം നേടി മുങ്ങുകയായിരുന്നു. തുടർന്ന് വയനാട് സൈബർ സെല്ലും ലഹരി വിരുദ്ധ സ്ക്വാഡും മാസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ വലയിലാക്കിയത്.














