National

സന്ദർശക വീസയിലെത്തി, അനധികൃതമായി ലഡാക്ക്–കശ്മീർ സന്ദർശിച്ച് ചൈനീസ് പൗരൻ; സേർച്ചിൽ ആർട്ടിക്കിൾ 370!

ന്യൂഡൽഹി∙ സന്ദർശക വീസയിൽ ഇന്ത്യയിൽ എത്തിയ ചൈനീസ് പൗരനെ വീസ ചട്ടങ്ങൾ ലംഘിച്ചെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്ത്രപ്രധാന മേഖലകളായ ലഡാക്കും കശ്മീരും ഇയാൾ അനുമതിയില്ലാതെ സന്ദർശിച്ചിരുന്നു. എന്തെങ്കിലും നിർണായക വിവരങ്ങൾ കൈമാറിയിട്ടുണ്ടോ എന്നറിയാൻ ഇയാളുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നവംബർ 19നാണ് ഹു കൊൻതായ് (29) ഡൽഹിയിൽ എത്തിയത്. ലേ, സൻസ്കാർ, കശ്മീർ താഴ്‌വരയിലെ മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങൾ എന്നിവ കൊൻതായ് സന്ദർശിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഫോറിനേഴ്സ് റീജിയനൽ റജിസ്ട്രേഷൻ ഓഫിസിൽ (എഫ്ആർആർഒ) റജിസ്റ്റർ ചെയ്യാതെയാണ് ഇയാൾ ഈ സ്ഥലങ്ങളൊക്കെ സന്ദർശിച്ചത്.

മൂന്നു ദിവസമാണ് കൊൻതായ് സൻസ്കാർ സന്ദർശിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളും വാരണാസി, ആഗ്ര, ന്യൂഡൽഹി, ജയ്പുർ, സർനാഥ്, ഗയ, കുഷിനഗർ എന്നിവിടങ്ങളും സന്ദർശിക്കാനായിരുന്നു അനുമതി ലഭിച്ചിരുന്നത്. എന്നാൽ ഇയാൾ മറ്റു ബുദ്ധമഠങ്ങളും തന്ത്രപ്രധാന സ്ഥലങ്ങളും സന്ദർശിച്ചു. വളരെ സെൻസിറ്റീവ് കേന്ദ്രങ്ങളായ തെക്കൻ കശ്മീരിലെ അവന്തിപുരയിലുള്ള ബുദ്ധമത അവശിഷ്ടങ്ങളും ഹവ്റാവനിലെ ബുദ്ധമഠവും ഇയാൾ സന്ദർശിച്ചു. അവന്തിപുരയിലെ കേന്ദ്രത്തിന് അടുത്താണ് സൈന്യത്തിന്റെ വിക്ടർ ഫോഴ്സിന്റെ ആസ്ഥാനവും ഹസ്രത്ബൽ പള്ളിയും ശങ്കരാചാര്യ ക്ഷേത്രവും, ദാൽ തടാകവും മുഗൾ ഗാർഡനും.

ഇന്ത്യയിൽ എത്തിയതിനു പിന്നാലെ ഇവിടെനിന്ന് ഇയാൾ സിംകാർഡ് സംഘടിപ്പിച്ചിരുന്നു. ഇതും അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയത്തിന് ഇടയാക്കുന്നു. പ്രാഥമികമായി ഫോൺ പരിശോധിച്ചപ്പോൾ സിആർപിഎഫിന്റെ വിന്യാസം, ആർട്ടിക്കിൾ 370ന്റെ പിൻവലിക്കൽ തുടങ്ങിയവ സേർച്ച് ചെയ്തതായി കണ്ടിരുന്നു. ബ്രൗസിങ് ഹിസ്റ്ററി ഡിലീറ്റ് ചെയ്തിരുന്നോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

അതേസമയം, വീസ ചട്ടങ്ങൾ ലംഘിച്ചുവെന്നതിനെ കുറിച്ച് ചോദ്യം ചെയ്യലിൽ കൊൻതായ് അജ്ഞത നടിച്ചു. യുഎസിലെ ബോസ്റ്റൻ യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് പഠിച്ചുവെന്നും കഴിഞ്ഞ ഒൻപതു വർഷമായി യുഎസിൽ ആയിരുന്നുവെന്നുമാണ് ഇയാൾ അധികൃതരോടു പറഞ്ഞത്. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും യുഎസ്, ന്യൂസീലാൻഡ്, ബ്രസീൽ, ഫിജി, ഹോങ്കോങ് എന്നിവിടങ്ങളിൽ പോയിട്ടുണ്ടെന്നും ഇയാൾ പറയുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.