ന്യൂഡൽഹി ∙ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡ്യൂപ്ലിക്കറ്റ് കാർ കീ തയാറാക്കി, അവ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന ഹൈടെക് കള്ളന്മാരുടെ സംസ്ഥാനാന്തര സംഘത്തെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ സോനു, ആശിഷ്, ഹരിയാന സ്വദേശിയായ സന്ദീപ് എന്നിവരാണു പിടിയിലായത്. 3 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് (ഒബിഡി) പോർട്ട് വഴി ഡ്യൂപ്ലിക്കറ്റ് കാർ കീ പ്രോഗ്രാം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ടാബ്‌ലറ്റും വിവിധ കാർ ബ്രാൻഡുകളുടെ ഡ്യൂപ്ലിക്കറ്റ് കീകളും പൊലീസ് പിടിച്ചെടുത്തു. വാഹനത്തിന്റെ ഡാഷ്‌ബോർഡിനു കീഴിലുള്ള ഒബിഡി പോർട്ടിലേക്കു കണക്ട് ചെയ്യാൻ ഒരു ഇലക്ട്രോണിക് കീ-ക്ലോണിംഗ് ടാബ്‌ലറ്റ് ഉപയോഗിച്ചതായും വാഹനത്തിന്റെ സുരക്ഷാ കോഡ് പകർത്തി ബ്ലാങ്ക് കീകൾ പ്രോഗ്രാം ചെയ്തതായും പ്രതികൾ മൊഴി നൽകി. മോഷ്ടിച്ച വാഹനങ്ങൾ ഡൽഹി- എൻസിആർ പ്രദേശത്ത് ഒന്നുമുതൽ രണ്ടാഴ്ച വരെ പാർക്ക് ചെയ്ത ശേഷം പ്രദേശത്തിനു പുറത്ത് വിൽക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു.














