Latest

ഞാൻ ഇന്ത്യക്കാരനാണ്’, കേണു പറഞ്ഞിട്ടും…ജീവനെടുത്തു, വൻ പ്രതിഷേധം

ഡെറാഡൂൺ ∙ വംശീയാധിക്ഷേപത്തോടെ ആറംഗ സംഘത്തിന്റെ ക്രൂര മർദനത്തിനിരയായ വിദ്യാർഥി എയ്ഞ്ചൽ ചക്മയുടെ (24) മരണത്തിൽ ത്രിപുരയിൽ വൻ പ്രതിഷേധം. മണിപ്പുരിൽ ജോലിചെയ്യുന്ന ബിഎസ്എഫ് ജവാനായ തരുൺ ചക്മയുടെ മക്കളായ എയ്ഞ്ചലിനെയും മൈക്കിളിനെയുമാണു ഡെറാഡൂണിലെ മാർക്കറ്റിൽ ‘ചൈനീസ്’ എന്നുവിളിച്ച് ആക്രമിച്ചത്.

‘ഞാൻ ഇന്ത്യക്കാരനാണ്’ എന്നു കേണുപറഞ്ഞിട്ടും മാരകായുധങ്ങളുമായി ആക്രമിച്ച സംഘം എയ്ഞ്ചലിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേൽപിച്ചു. തടയാൻ ശ്രമിച്ച സഹോദരൻ മൈക്കിളിനെയും ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ എയ്ഞ്ചൽ 17 ദിവസം ആശുപത്രിയിൽ മരണത്തോടു മല്ലിട്ടു. ക്രിസ്മസ് പിറ്റേന്നു മരണത്തിനു കീഴടങ്ങി. മൈക്കിളും ചികിത്സയിലാണ്.ഡെറാഡൂണിലെ സ്വകാര്യ സർവകലാശാലയിൽ എംബിഎ അവസാനവർഷ വിദ്യാർഥിയായിരുന്നു എയ്ഞ്ചൽ. നല്ല പ്ലേസ്മെന്റ് ഓഫർ ലഭിച്ചിരുന്നെന്നും പിതാവ് പറഞ്ഞു. ഡിസംബർ ഒൻപതിനു നടന്ന ആക്രമണത്തിൽ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചെന്നും ഓൾ ഇന്ത്യ ചക്മ സ്റ്റുഡന്റ്സ് യൂണിയന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സമ്മർദത്തിനുശേഷമാണു നടപടിയുണ്ടായതെന്നും പിതാവ് ആരോപിച്ചു.

മരണശേഷം കൊലക്കുറ്റം ഉൾപ്പെടുത്തിയ കേസിൽ 5 പ്രതികളെ അറസ്റ്റ് ചെയ്തു; പ്രായപൂർത്തിയാകാത്ത 2 പ്രതികളെ ജുവനൈൽ ഹോമിലേക്കു മാറ്റി. നേപ്പാൾ സ്വദേശിയായ ഒരു പ്രതി ഒളിവിലാണ്; അയാളെ പിടികൂടാൻ പ്രതിഫലം പ്രഖ്യാപിച്ചു. എയ്ഞ്ചലിന്റെ മൃതദേഹം എത്തിച്ചപ്പോൾ വൻ പ്രതിഷേധമുണ്ടായി. എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ത്രിപുര മുഖ്യമന്ത്രി മനീക് സാഹയ്ക്ക് ഉറപ്പുനൽകി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.