കൊച്ചി ∙ കാർ ഇരപ്പിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നവരെ പൊലീസ് പിടികൂടുന്ന സമയത്ത് ‘റേസിങ്’ ആണെന്ന് കരുതിയെത്തി കുടുങ്ങി കാസർകോട് സ്വദേശി. ഒടുവിൽ മറ്റു രണ്ടു കാറുകൾക്കുമൊപ്പം കാസർകോഡ് സ്വദേശിയുടെ കാറും എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിച്ചു. സൈലൻസറിൽ മാറ്റം വരുത്തിയതിന് 10,000 രൂപ വീതം പൊലീസ് പിഴയും അടപ്പിച്ചു. വരുത്തിയ മാറ്റങ്ങള്‍ ശരിയാക്കാൻ മൂവർക്കും നിർദേശവും നൽകിയിട്ടുണ്ട്.
ഇന്നു വെളുപ്പിന് ഒരുമണിക്ക് ക്വീൻസ് വോക്‌വേയിലായിരുന്നു സംഭവം. ക്രിസ്മസ്–ന്യൂ ഇയർ പ്രമാണിച്ച് പട്രോളിങ് നടത്തുകയായിരുന്ന സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സംഘമാണ് കാർ ഇരപ്പിക്കുന്ന ശബ്ദം കേട്ടത്. സൈലൻസറിൽ മാറ്റം വരുത്തിയ രണ്ടു കാറുകൾ ഇരപ്പിക്കുകയായിരുന്നു യുവാക്കൾ. അരൂർ സ്വദേശികളായ ഇവരുമായി െപാലീസ് സംസാരിച്ചു നിൽക്കെയാണ് മറ്റൊരു കാർ കൂടി പാഞ്ഞു വന്നത്. ഇതിലും സൈലൻസറിൽ മാറ്റം വരുത്തിയിരുന്നു. അരൂർ സ്വദേശികളുടെ കാറിന്റെ ശബ്ദം കേട്ട് റേസിങ് ആണെന്നു കരുതി പറപ്പിച്ചു വന്നതാണ് കാസർകോട് സ്വദേശിയും. പിന്നീട് മൂവരേയും കൂട്ടി കാറുകളുടെ അകമ്പടിയോടെ സ്റ്റേഷനിലേക്ക്.
മൂന്നു കാറുകളിലും സൈലൻസറിൽ മാറ്റം വരുത്തിയെന്നാണ് കണ്ടെത്തിയതെന്ന് സെൻട്രൽ പൊലീസ് വ്യക്തമാക്കി. മോട്ടർ വാഹന നിയമ പ്രകാരം ഓരോ വാഹനത്തിനും 10,000 രൂപ വീതം പിഴയീടാക്കിയിട്ടുണ്ട്. പൊലീസ് കാണുമ്പോൾ വാഹനങ്ങൾ നിർത്തിയിട്ടിട്ട് ഇരപ്പിക്കുകയായിരുന്നു. റേസിങ്ങിനുള്ള തയാറെടുപ്പാവാമെന്നും പൊലീസ് വ്യക്തമാക്കി.














