മുംബൈ ∙ സുഹൃത്തിനെ ന്യൂഇയർ പാർട്ടിക്കു വിളിച്ചു വരുത്തിയ ശേഷം സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് 25 കാരിയായ യുവതി. ജോഗീന്ദർ മഹ്തോ എന്നയാൾക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മുംബൈ സാന്താക്രൂസിലാണ് ക്രൂരമായ സംഭവം. ഏഴുവർഷമായി 45 വയസ്സുകാരനുമായി യുവതി പരിചയത്തിലായിരുന്നു. പുതുവർഷം ഒരുമിച്ച് ആഘോഷിക്കാനാണ് സുഹൃത്തിനെ യുവതി താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.
വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മുൻപ് യുവതിയുമായി അടുപ്പത്തിലായിരുന്നെന്നും പിന്നീട് യുവതിയുടെ വിവാഹശേഷം ബന്ധത്തിൽ നിന്ന് താൻ പിൻവാങ്ങിയെന്നുമാണ് പൊലീസിനു നൽകിയ മൊഴിയിൽ ജോഗീന്ദർ മഹ്തോ പറഞ്ഞത്.
പുതുവർഷം ആഘോഷിക്കാൻ യുവതി വിളിച്ചുവരുത്തിയെന്നും വിവാഹം കഴിക്കാനുള്ള ആവശ്യം നിരസിച്ചപ്പോൾ ആക്രമിച്ചെന്നും ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ് ചോരയൊലിപ്പിച്ച് വീടിനു പുറത്തേയ്ക്ക് ഓടിയ ഇയാൾ സഹോദരനെ രക്ഷയ്ക്കു വിളിച്ചാണ് ആശുപത്രിയിൽ എത്തിയത്. യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.














