National

എഐ ദുരുപയോഗം, 72 മണിക്കൂറിനുള്ളില്‍ നടപടി വേണം; എക്സിന് നോട്ടീസയച്ച് കേന്ദ്രം

ന്യൂഡല്‍ഹി : നിര്‍മിത ബുദ്ധി(എഐ)യുടെ ദുരുപയോഗം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമമായ എക്സിന് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍. എക്സ് പ്ലാറ്റ്ഫോമുകളിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് ഐടി മന്ത്രാലയം ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് നോട്ടീസ് നല്‍കിയത്.

ഗ്രോക്ക് എഐ അസിസ്റ്റന്റ് അടക്കമുള്ള എക്സിലെ എഐ ടൂളുകള്‍ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങളടക്കം വ്യാപകമാണെന്നും നോട്ടീസില്‍ പറയുന്നു. ഇത്തരം വ്യാജ ചിത്രങ്ങള്‍ അടിയന്തരമായി നീക്കണം. 72 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നും ഐടി മന്ത്രാലയം നോട്ടീസില്‍ ആവശ്യപ്പെട്ടു.

ലൈംഗീക ചുവയുള്ള രീതിയില്‍ കുട്ടികളുടെയടക്കം ചിത്രങ്ങള്‍ എഐ സഹായത്തോടെ നിര്‍മ്മിക്കപ്പെട്ടു. ഇത്തരം ശ്രമങ്ങള്‍ നിയന്ത്രിക്കാനോ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനോ എക്‌സ് ഒരു ശ്രമം നടത്തിയിരുന്നില്ലെന്നും നോട്ടീസ് കുറ്റപ്പെടുത്തുന്നു. എക്‌സിന്റെ നടപടി 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടും 2021-ലെ ഐടി നിയമങ്ങളും പ്രകാരമുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. എക്‌സ് നിയമപരമായ ജാഗ്രത പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും വ്യക്തമാക്കിയാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എക്‌സിന് നോട്ടീസ് നല്‍കിയത്. അശ്ലീല ഉള്ളടക്കം നിര്‍മ്മിക്കപ്പെടുന്നതില്‍ എക്സിന്റെ എഐ സേവനമായ ഗ്രോക് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.