കൊല്‍ക്കത്ത: ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്തതിന്റെ പാടുകള്‍ ഉണ്ടെന്ന കാരണത്താല്‍ സെന്‍ട്രല്‍ ആംഡ് ഫോഴ്‌സിലെ ജോലിക്കുള്ള അപേക്ഷ നിരസിച്ചതിനെ ചോദ്യം ചെയ്ത് ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഹര്‍ജി തള്ളി കല്‍ക്കട്ട ഹൈക്കോടതി. പുനഃപരിശോധനയ്ക്ക് മുമ്പാണ് ഉദ്യോഗാര്‍ഥി ടാറ്റൂ നീക്കം ചെയ്തത്. ഇത് അനുവദിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
വിശദമായ മെഡിക്കല്‍ പരിശോധനയില്‍ ഹര്‍ജിക്കാരന്റെ കയ്യില്‍ ടാറ്റൂ ഉണ്ടായിരുന്നു. 2025 ഡിസംബര്‍ 3നാണ് വിശദമായ മെഡിക്കല്‍ പരിശോധന നടന്നത്. ഡിസംബര്‍ 6ന് പുനഃപരിശോധനയും നടന്നു. ഡിസംബര്‍ 6ന് മുമ്പാണ് ഉദ്യോഗാര്‍ഥി ടാറ്റൂ നീക്കം ചെയ്തത്. അതുകൊണ്ട് ഹര്‍ജിക്കാരന്റെ ആ നീക്കം അനുവദിക്കാനാവുന്നതല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടേതാണ് വിധി.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഒരു ആശുപത്രിയില്‍ ലേസര്‍ തെറാപ്പിയിലൂടെയാണ് ഹര്‍ജിക്കാരന്‍ ടാറ്റൂ നീക്കം ചെയ്തത്. ശരീരത്തിന്റെ രണ്ട് ഭാഗങ്ങളിലാണ് ടാറ്റൂ ഉണ്ടായിരുന്നത്. അത് നീക്കം ചെയ്തതിനാല്‍ തന്നെ യോഗ്യനായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിക്കാരന്‍ അപേക്ഷിച്ചു. എന്നാല്‍ വിശദമായ മെഡിക്കല്‍ പരിശോധനയില്‍ അപാകതയുണ്ടെങ്കില്‍ പുനഃപരിശോധന തേടാന്‍ ഉദ്യോഗാര്‍ഥിക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ പുനഃപരിശോധനയ്ക്ക് തൊട്ട് മുമ്പ് മായ്ചതായുള്ള രേഖകള്‍ ഉള്ളതിനാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു.














