ഫരീദാബാദ്∙ ദേശീയ ഷൂട്ടിങ് താരമായ പതിനേഴുകാരിയെ പരിശീലകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ മാസം ഫരീദാബാദിലെ ഒരു ഹോട്ടലിൽ വച്ചാണ് പരിശീലകൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഷൂട്ടിങ് മത്സരത്തിലെ പ്രകടനം അവലോകനം ചെയ്യാനാണ് പരിശീലകൻ പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് പീഡനവിവരം പുറത്തുപറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പതിനേഴുകാരിയുെട അമ്മ നൽകിയ പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ അമ്മയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്താനും ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഡിസംബർ 16ന് തെക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിലുള്ള ഡോ. കർണി സിംഗ് ഷൂട്ടിങ് റേഞ്ചിൽ നടന്ന ദേശീയ തല ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുത്തതിന് ശേഷമായിരുന്നു സംഭവം. മത്സരശേഷം, ഫരീദാബാദിലെ സൂരജ്കുണ്ഡ് ഹോട്ടലിൽ വച്ചായിരുന്നു പീഡനം നടന്നത്. പ്രകടനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചർച്ച നടത്താനെന്ന വ്യാജേന പരിശീലകൻ തന്റെ മുറിയിലേക്ക് പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നു.
പോക്സോ നിയമത്തിലെ സെക്ഷൻ 6, ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351(2) എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റകൃത്യം നടന്ന സമയത്ത് കായികതാരത്തിന് പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പരിശീലകനെ ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു














