കോഴിക്കോട് ∙ നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്നു വേട്ട. 200 ഗ്രാമിൽ ഏറെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊക്കുന്ന് പുളിക്കൽ വീട്ടിൽ അരുൺ കുമാർ(28) ആണ് പിടിയിലായത്. എംഡിഎംഎയുമായി പ്രതി ഇത് മൂന്നാം തവണയാണ് പിടിയിൽ ആകുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബബിതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് കോവൂരിന് സമീപം ഇയാളെ പിടികൂടിയത്.
കോവൂർ ഓർഫനേജ് ഹോമിന് സമീപം വാടകയ്ക്ക് താമസിച്ചാണ് ഇയാൾ ലഹരിമരുന്നു വിൽപന നടത്തിവന്നത്. ബെംഗളൂരുവിൽ നിന്നും മറ്റും ലഹരിമരുന്ന് മൊത്തമായി എത്തിച്ച് ആവശ്യക്കാർക്കായി ചില്ലറ വിൽപന നടത്തുന്നയാളാണ് ഇയാൾ. ഇതിനു മുൻപും രണ്ടു പ്രാവശ്യം ഇയാളെ എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. 2022 ൽ വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ച് ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 300 ഗ്രാമിൽ ഏറെ എംഡിഎംഎയുമായാണ് ഇയാളെ ആദ്യം എക്സൈസ് പിടികൂടിയത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം 2025 ഏപ്രിലിൽ എംഡിഎംഎ വിൽപന നടത്തുന്നതിനിടെ ഗോവിന്ദപുരം നാരങ്ങാളി ക്ഷേത്രത്തിന് സമീപം ഇയാൾ പിടിയിലായി. 12 ഗ്രാമിൽ ഏറെ എംഡിഎഎയുമായാണ് ഇയാളെ അന്ന് മെഡിക്കൽ കോളജ് പൊലീസിന്റെ പിടികൂടിയത്. ഈ കേസിലും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും ലഹരിമരുന്നുമായി പിടിയിലായത്.
കോഴിക്കോട് സിറ്റി മെഡിക്കൽ കോളജ് പൊലീസും സിറ്റി ഡാൻസഫ് സംഘവും ചേർന്ന് കഴിഞ്ഞ ദിവസം 712 ഗ്രാമിൽ ഏറെ എംഡിഎംഎയുമായി വിമുക്തഭടനും യുവതിയടക്കം നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് നഗരത്തിൽ മാത്രം പുതുവർഷത്തിൽ ഇതുവരെ വിവിധ കേസുകളിലായി പിടികൂടിയ എംഡിഎംഎയുടെ അളവ് ഒരു കിലോ കവിഞ്ഞു.














