മീനങ്ങാടി : ക്ഷാമബത്ത ജീവനക്കാരൻ്റെ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരും ധനവകുപ്പ് മന്ത്രിയും ക്ഷാമബത്ത ജീവനക്കാരൻ്റെ അവകാശമാണെന്ന് പാർട്ടി പത്രത്തിൽ വാർത്ത കൊടുത്തതിലൂടെ ജീവനക്കാരെ പരിഹസിക്കുകയാണെന്ന് കെ പി എസ് ടി എ ബത്തേരി ഉപജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ക്ഷാമബത്ത അനുവദിക്കുന്നതിന് പുതിയ രീതിയാണ് ഇനി മുതൽ അവലംബിക്കുക എന്ന് ധനവകുപ്പ് സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഇതുപ്രകാരം അഡീഷണൽ ഡി എ എന്ന പേരിൽ അനുവദിക്കുന്ന ക്ഷാമബത്തയുടെ കുടിശ്ശിക ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ വിഷയത്തിലുള്ള സർക്കാരിൻ്റെ ഇരട്ടത്താപ്പ് അധ്യാപകരോടും ജീവനക്കാരോടുമുള്ള വെല്ലുവിളിയാണ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജു മാത്യു, എം ടി ബിജു, കെ സി അഭിലാഷ്, ജിജോ കുര്യാക്കോസ്, കെ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഉപജില്ലാ ഭാരവാഹികളായി കെ കെ രാമചന്ദ്രൻ (പ്രസിഡൻ്റ്), ജിജോ കുര്യാക്കോസ് (സെക്രട്ടറി), കെ ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.














